റിയാദ്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ സുരക്ഷാപദ്ധതിയുടെ ഇൗ വർഷത്തെ ആദ്യഘട്ട ആനുകൂല്യവിതരണം ബുധനാഴ്ച മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ റിയാദിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ.എം.സി.സി കേരള ട്രസ്റ്റിെൻറ കീഴിലുള്ള 2021 വർഷത്തെ സാമൂഹിക സുരക്ഷാപദ്ധതിയിൽനിന്നും മൂന്ന് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിെൻറ ഔപചാരിക ഉദ്ഘാടനം ബുധനാഴ്ച ഉച്ച രണ്ടിന് മലപ്പുറം കോട്ടക്കുന്നിലെ ഭാഷാസ്മാരക ഹാളിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. മരിച്ച 50 അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള ധനസഹായത്തിെൻറ ചെക്ക് പരേതർ അംഗത്വമെടുത്തിരുന്ന സൗദിയിലെ വിവിധ സെൻട്രൽ കമ്മിറ്റികളുടെ നാട്ടിലുള്ള ഭാരവാഹികൾക്ക് കൈമാറുകയും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി ഈ കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ മുസ്ലിം ലീഗ് കമ്മിറ്റികളുടെ മേൽനോട്ടത്തിൽ വിതരണം പൂർത്തിയാക്കുകയും ചെയ്യും.
ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ് എം.എൽ.എ, എം.കെ. മുനീർ എം.എൽ.എ, പി.എം.എ. സലാം, മുനവ്വറലി ശിഹാബ് തങ്ങൾ, എം.സി. മായിൻഹാജി, അബ്ദുറഹ്മാൻ കല്ലായി, ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ, കെ.എം. ഷാജി, സി.പി. ചെറിയ മുഹമ്മദ്, ഉമർ പാണ്ടികശാല, ഷാഫി ചാലിയം, പി.കെ. ഫിറോസ്, അഡ്വ. യു.എ. ലത്തീഫ്, സി.പി. സൈതലവി തുടങ്ങിയവർ പങ്കെടുക്കും.
കോവിഡ് ബാധിച്ച് മരിച്ച 10 പേരടക്കം ഇൗ വർഷം സുരക്ഷാപദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച 50 പേരുടെ ആശ്രിതർക്കുള്ള ആനുകൂല്യ വിതരണമാണ് കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങിൽവെച്ച് മലപ്പുറത്ത് നടക്കുന്നത്. മൂന്ന് ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വിഹിതമാണ് വിതരണം ചെയ്യുന്നത്. ആദ്യവർഷം അംഗങ്ങളായവർക്ക് മൂന്ന് ലക്ഷവും രണ്ട് മുതൽ ഏഴ് വർഷം വരെയായവർക്ക് ആറ് ലക്ഷവും മുഴുവൻ വർഷവും അംഗങ്ങളായവർക്ക് 10 ലക്ഷവുമാണ് മരണാനന്തര ആനുകൂല്യമായി വിതരണം ചെയ്യുക.
പദ്ധതി കാലയളവിൽ മാരകരോഗങ്ങൾക്ക് ചികിത്സതേടിയ 125 പേർക്ക് ചികിത്സാനുകൂല്യങ്ങളും വിതരണം ചെയ്യും. സൗദി കെ.എം.സി.സിയുടെ കേരള ട്രസ്റ്റിെൻറ കീഴിലാണ് സുരക്ഷാപദ്ധതി നടപ്പാക്കുന്നത്. എട്ട് വർഷത്തിനിടയിൽ ഈ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച 357 പേരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകി. ഇതുവരെ 1139 പേർക്ക് ചികിത്സാസഹായവും നൽകി. ഇൗ വർഷം കൂടി പൂർത്തിയാകുമ്പോൾ 30ഒാളം കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്തുകഴിയും. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ഏറ്റവും ദുർബലരായ ജനസമൂഹത്തിന് ജാതിമത, രാഷ്ട്രീയ വേർതിരിവുകൾക്കതീതമായി തങ്ങളുടെ കുടുംബത്തിന് ആശ്രയമാകുന്നവിധം പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയാണ് സൗദി നാഷനൽ കമ്മിറ്റിയുടെ മേൽനോട്ടത്തിലുള്ള കെ.എം.സി.സി കേരള ട്രസ്റ്റിെൻറ സാമൂഹിക സുരക്ഷാപദ്ധതി. കോവിഡ് പ്രതിസന്ധിഘട്ടത്തിലും 56,000ത്തോളം അംഗങ്ങളാണ് പദ്ധതിയിൽ ഇൗ വർഷം ചേർന്നത്. അടുത്ത വർഷത്തെ സുരക്ഷാപദ്ധതിയുടെ അംഗത്വ പ്രചാരണ പ്രവർത്തനങ്ങൾ ഒക്ടോബർ ഒന്നിന് ആരംഭിച്ച് ഡിസംബർ 15ന് അവസാനിക്കും. പദ്ധതിയിൽ ഭാഗഭാക്കാവുന്നതിന് താൽപര്യമുള്ള പ്രവാസികൾ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ കീഴ്ഘടകങ്ങൾ മുഖേനെ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. www .mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗത്വം പുതുക്കാൻ സാധിക്കുന്നതാണ്. ഓൺലൈൻ വാർത്തസമ്മേളനത്തിൽ നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടി, ചെയർമാൻ എ.പി. ഇബ്രാഹീം മുഹമ്മദ്, വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, സുരക്ഷാപദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, സുരക്ഷാപദ്ധതി കോഓഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.