അബൂദബി: അഴിമതിക്കാരെ കുറിച്ച് വിവരങ്ങൾ നൽകാൻ ആപ്ലിക്കേഷനുമായി അബൂദബി അക്കൗണ്ടബിലിറ്റി അതോറിറ്റി. 'വാജിബ്' എന്നു പേരിട്ട ആപ്ലിക്കേഷൻ വഴി സാമ്പത്തികവും ഭരണപരവുമായ അഴിമതികൾ രഹസ്യമായി റിപ്പോർട്ട് ചെയ്യാൻ വ്യക്തികൾക്ക് കഴിയും. സുതാര്യതയും സദ്ഭരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ എമിറേറ്റിലെ സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ആപ് വികസിപ്പിച്ചിട്ടുള്ളത്. ആപ് വഴി അഴിമതി സംബന്ധിച്ച രഹസ്യവിവരങ്ങൾ നൽകാൻ വ്യക്തികൾക്ക് സാധിക്കും. വിവരം നൽകിയത് സംബന്ധിച്ച് മറ്റുള്ളവർക്ക് അറിയാൻ സാധിക്കില്ല.
സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കൾക്കും ഉദ്യോഗസ്ഥർക്കും എല്ലാം ആപ് വഴി പരാതികൾ സമർപ്പിക്കാം. സർക്കാറിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന നിയമവിരുദ്ധമായ നടപടികൾ കാണുന്ന ഏതു വ്യക്തിക്കും പരാതി നൽകാമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആപ്പാണിതെന്നും വിവരങ്ങൾ നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട്ചെയ്ത എല്ലാ വിവരങ്ങളുടെയും സ്വകാര്യതയും രഹസ്യാത്മകതയും നിലനിർത്താൻ കഴിയുന്ന രീതിയിൽ രൂപകൽപന ചെയ്തതാണ് ആപ്.
ആപ്പിൽ രഹസ്യ റിപ്പോർട്ടുകൾ ലഭിച്ചാൽ സംഭവത്തിന്റെ വിശദാംശങ്ങൾ അറിയുന്നതിന് പരാതി സമർപ്പിച്ച വ്യക്തിയെ അധികൃതർ ബന്ധപ്പെടും. പരാതി നൽകുന്ന സമയത്ത് ആപ്പിൽ ഒരു ഫോൺ നമ്പർ രജിസ്റ്റർ ചെയ്യണം. ഈ സ്വകാര്യ മൊബൈൽ നമ്പറിലേക്ക് ഒരു കോഡ് അയച്ചാണ് പിന്നീട് പരാതിക്കാരന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുകയും വിവരങ്ങൾ തേടുകയും ചെയ്യുക. സംവിധാനം അഴിമതി ഫലപ്രദമായി റിപ്പോർട്ട് ചെയ്യാനും തടയാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അബൂദബി കിരീടാവകാശിയുടെ ഓഫിസിന് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന അബൂദബി അക്കൗണ്ടബിലിറ്റി അതോറിറ്റി, സാമ്പത്തികമായും ഭരണപരമായും സ്വതന്ത്രമായ ഒരു ബോഡിയാണ്.
സർക്കാർ വകുപ്പുകൾ, ജീവനക്കാർ, പൊതുസമൂഹം എന്നിവയിലെല്ലാം കൃത്യതയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്ന ഉത്തരവാദിത്തമാണ് അതോറിറ്റിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.