ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബൈയിൽ റെസിഡൻസി വിസ നിയമലംഘകരെ താമസിപ്പിക്കാൻ പ്രത്യേക കേന്ദ്രം തുറന്നു. അൽ അവീറിൽ 16,731 സ്ക്വയർ മീറ്റർ വലുപ്പത്തിൽ പണിത കെട്ടിടം അന്തരാഷ്ട്ര നിലവാരം പുലർത്തുന്നതാണ്.
ഹോട്ടലിലേത് പോലെ സംവിധാനങ്ങളാണ് ഇവിടെ. വിസ കാലാവധി കഴിഞ്ഞവരെയാണ് കണ്ടെത്തി ഇവിടേക്ക് മാറ്റുക. പരമാവധി 14 ദിവസമാണ് ഇത്തരക്കാരെ കേന്ദ്രത്തിൽ താമസിപ്പിക്കുക. അതിന് ശേഷം അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ആണ് ചെയ്യുന്നത്.
2015ൽ തുടങ്ങിയ കേന്ദ്രത്തിെൻറ നിർമാണം 2018ൽ പ്രവർത്തനസജ്ജമായിരുന്നു. നേരത്തെ നിലവിലുള്ള കേന്ദ്രത്തിൽ 500പേരെ താമസിപ്പിക്കാനുള്ള സൗകര്യം മാത്രമാണുണ്ടായിരുന്നത്. പുതുതായി നിർമിച്ച കേന്ദ്രത്തിൽ 735 പുരുഷൻമാരും 553 സ്ത്രീകളും ഉൾപ്പെടെ 1288 പേർക്ക് കഴിയാൻ സൗകര്യമുണ്ട്.
നിലവിൽ 11 പുരുഷന്മാരും അത്ര സ്ത്രീകളുമാണ് ഇവിടെ കഴിയുന്നത്. കേന്ദ്രത്തിൽ കഴിയുന്നവർക്ക് നിബന്ധനകൾ പാലിച്ച് സന്ദർശകരെ കാണാം. പാസ്‌പോർട്ട് നഷ്‌ടപ്പെട്ടവർക്ക് ബന്ധപ്പെട്ട കോൺസുലേറ്റുകൾ, എംബസികൾ എന്നിവ വഴി പുതിയ യാത്രാ രേഖകൾ ലഭിക്കും. കോവിഡ് പരിശോധനയും ആരോഗ്യപരിശോധനയും നടത്താൻ താമസക്കാർക്ക് പ്രത്യേക മെഡിക്കൽ ക്ലിനിക്കുമുണ്ട്. ഗുരുതര രോഗമുള്ളവരെ ആംബുലൻസുകൾ വഴി ദുബൈ ഹെൽത്ത് അതോറിറ്റി നടത്തുന്ന ആശുപത്രികളിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.