മുഖ്യമന്ത്രി പിണറായിയുടെ യു.എ.ഇ സന്ദര്‍ശനം ഈ മാസം

ദുബൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 22ന് യു.എ.ഇയിലത്തെുന്നു. അധികാരമേറ്റ ശേഷമുള്ള പിണറായി വിജയന്‍െറ ആദ്യത്തെ വിദേശ യാത്രയാണിത്. രണ്ടു ദിവസം അദ്ദേഹം ഇവിടെയുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. 22ന് വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍ ഹൈസ്കൂളിന്‍െറ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. 23ന് വെള്ളിയാഴ്ച ദുബൈയില്‍ വിവിധ മലയാളി സംഘടനകളുടെയൂം കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ പൗര സ്വീകരണവുമുണ്ടാകും. അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്വീകരണത്തിനുള്ള വിപുലമായ സ്വാഗത സംഘം രൂപവത്കരണം അടുത്ത വെള്ളിയാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രവാസി വകുപ്പിന്‍െറ ചുമതലകൂടിയുള്ള മുഖ്യമന്ത്രിക്ക് രാഷ്ട്രീയത്തിനതീതമായി വലിയ സ്വീകരണം നല്‍കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഞായറാഴ്ച  ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത പ്രാഥമിക യോഗം ചേര്‍ന്നു. നോര്‍ക്ക പ്ളാനിങ് ബോര്‍ഡ് അംഗം കൊച്ചു കൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീം, കേരള സോഷ്യല്‍ സെന്‍റര്‍ അബൂദബി സെക്രട്ടറി പി. പത്മനാഭന്‍, കോണ്‍ഗ്രസ് അനുകൂല പ്രവാസ സംഘടനയായ ഇന്‍കാസ് യു.എ.ഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി,  കെ.എല്‍.ഗോപി, ഇ.എം.അഷ്റഫ്, കെ.എം.അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ വേണ്ടി യു.എ.ഇയിലത്തെിയിരുന്നു. 2015 ഡിസംബര്‍ രണ്ടു മുതല്‍ നാലു വരെ തീയതികളില്‍ പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി നേരിട്ട് സംവദിച്ച അദ്ദേഹം തിരിച്ചുപോകും മുമ്പ് നടന്ന പൗര സമ്മേളനത്തില്‍ പ്രവാസി വിഷയങ്ങളില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശദമാക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവാസികാര്യ വകുപ്പിന്‍െറ ചുമതല ഏറ്റെടുത്ത അദ്ദേഹം മുഖ്യമന്ത്രിയെന്ന നിലയില്‍ തന്‍െറ ആദ്യ ഗള്‍ഫ് സന്ദര്‍ശനത്തില്‍ പ്രവാസികള്‍ക്കു വേണ്ടി വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് കരുതുന്നത്.  പ്രവാസി വകുപ്പ് നിര്‍ജീവമാണെന്ന് കഴിഞ്ഞദിവസം ദുബൈയിലത്തെിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ പിണറായി വിജയന്‍െറ സന്ദര്‍ശനത്തില്‍  പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍, തിരിച്ചുപോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതി തുടങ്ങിയവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ്   പ്രതീക്ഷ.
അടിയന്തര പരിഹാരം കാണേണ്ട പ്രവാസികളുടെ 15 പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തി ‘ഗള്‍ഫ് മാധ്യമം’ തയാറാക്കിയ പ്രവാസി അവകാശ പത്രിക  ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസിന്‍െറ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സമര്‍പ്പിച്ചപ്പോഴും പ്രവാസി വിഷയങ്ങളില്‍ അനുകൂല തീരുമാനവും നടപടികളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വാഗ്ദാനങ്ങള്‍ ഇടംപിടിച്ചിരുന്നു. പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ തീവ്ര ശ്രമം നടത്തുമെന്നും   പ്രവാസികള്‍ക്ക്  ക്ഷേമവും പ്രോത്സാഹനവും ഉറപ്പു വരുത്തുന്ന സമഗ്ര നിയമമുണ്ടാക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു.  
പ്രവാസി പുനരധിവാസം, ഓഹരി നിക്ഷേപം, കേരള വികസന നിധി, ഇന്‍കെല്‍ മാതൃകയില്‍ വ്യവസായ സംരംഭങ്ങള്‍, പ്രവാസി സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കല്‍,  വ്യവസായ വികസനം ഉന്നം വെച്ച് ഗള്‍ഫിലുടനീളം  കേരള പ്രവാസി വാണിജ്യ ചേമ്പറുകള്‍ ,  പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതം ഉയര്‍ത്തല്‍, നിര്‍ജീവമായ പലിശ രഹിത സ്ഥാപനത്തിന്‍െറ പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങളും പ്രകടന പത്രികയിലുണ്ടായിരുന്നു.

 

Tags:    
News Summary - pinarayi dubai visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.