പരിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങൾ മനഃപാഠമാക്കി എസ്ത ജോബി. അജ്മാന് ഈസ്റ്റ് പോയൻറ് സ്കൂളിലെ ഗ്രേഡ് ഒന്നിലെ വിദ്യാര്‍ഥിനിയാണ് അഞ്ചു വയസ്സുകാരി എസ്ത. മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത എടപ്പാള്‍ സ്വദേശി സുബൈറിെൻറ ഭാര്യ നൂര്ജഹാന് തെൻറ അയല്‍വാസികളായ കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കേട്ടാണ് എസ്ത മോള് പഠിക്കുന്നത്. ഖുര്‍ആനിലെ ഏതാനും അധ്യായങ്ങള്‍ ഇതിനകം മനഃപാഠമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. ഖുര്‍ആെൻറ ആത്മാവ് എന്നറിയപ്പെടുന്ന 'ഫാത്തിഹ' അധ്യായം ഇതിനോടകം പൂര്‍ണമായും മനഃപാഠമാക്കി.
യാസീന്‍, അമ്മ എന്നീ അധ്യായങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ് എസ്ത ഇപ്പോള്‍. അസഹിഷ്ണുതയുടെ ലോകത്ത് മതങ്ങളെ പരസ്പരം അറിയാന്‍ ഈ പഠനങ്ങള്‍ വഴി സാധ്യമാകും എന്നാണ് മാതാപിതാക്കള്‍ മനസ്സിലാക്കുന്നത്. ഗള്‍ഫില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും അറബി ഭാഷ പഠിക്കാന്‍ അവസരം ലഭിക്കാറുണ്ടെങ്കിലും ഖുര്‍ആന്‍ പഠിക്കാനുള്ള കുഞ്ഞു എസ്തയുടെ പരിശ്രമം വ്യത്യസ്തമാവുകയാണ്. സ്കൂളിലെ പാഠങ്ങള്‍ പഠിക്കുന്നതിലും മിടുക്കിയാണ് ഈ വിദ്യാര്‍ഥിനി.
കഴിഞ്ഞ ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച സൂം വഴിയുള്ള ഈദ് സംഗമത്തില്‍ ഖുര്‍ആന്‍ പാരായണം നടത്തിയ എസ്തയുടെ മികവ് കണ്ടവര്‍ മൈലാഞ്ചി മൊഞ്ചുള്ള ഈ കുഞ്ഞുമോള്‍ക്ക് സ്നേഹ സമ്മാനങ്ങളും നല്‍കാനുള്ള ഒരുക്കത്തിലാണ്. ഷാര്‍ജ ഹമരിയ ഫ്രീസോണിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൂപ്പർ വൈസറാണ് പിതാവ് തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോബി. ഷാര്ജയിലെതന്നെ ബ്യൂട്ടി ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്യുകയാണ് മാതാവ് ഹിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.