ദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ആരംഭിച്ച ബസ് ഓൺ-ഡിമാൻഡ് സർവിസിന് ആവശ്യക്കാർ വർധിച്ചതായി അധികൃതർ. സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കാലക്രമത്തിൽ വർധനയുണ്ടായതായാണ് കണക്കുകൾ വെളിപ്പെടുത്തി ആർ.ടി.എ വ്യക്തമാക്കിയത്. 2020 ഫെബ്രുവരിയിൽ ആരംഭിച്ചത് മുതൽ 2021 അവസാനം വരെ 6,03,052 യാത്രക്കാർ സേവനം ഉപയോഗിച്ചിട്ടുണ്ട്. 2020ൽ 1,74,675പേർ മാത്രമായിരുന്നു സേവനം ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് 2021ൽ നാലുലക്ഷം കടന്നു. ദുബൈയിലെ സുപ്രധാനമായ എല്ലാ പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന സർവിസായതിനാൽ ദിനംപ്രതി ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് ആർ.ടി.എ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശക്രി പറഞ്ഞു.
പ്രധാനപ്പെട്ട മെട്രോ-ട്രാം സ്റ്റേഷനുകളെ ബന്ധിക്കുന്നതിനാൽ ഇത് പൊതുഗതാഗതത്തിന്റെ സംയോജനം വർധിപ്പിക്കുകയും സുരക്ഷിതമായും സുഗമമായും യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോവുന്നത് എളുപ്പമാക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപയോക്താക്കളിൽ 86 ശതമാനം പേരും സേവനങ്ങളിൽ തൃപ്തരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ അൽ ബർശ, ഇന്റർനാഷനൽ സിറ്റി, ദുബൈ സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി എന്നിവിടങ്ങളിൽ സർവിസ് നടത്താൻ 13 മിനി ബസുകൾ വിന്യസിച്ചിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള ബസുകളായതിനാൽ മികച്ച യാത്രാനുഭവം നൽകുകയും കൃത്യസമയം പാലിക്കുന്നതിനാൽ ഉപഭോക്താക്കളുടെ നടത്ത ദൂരവും കാത്തിരിപ്പ് സമയവും കുറക്കുകയും ചെയ്യുന്നു. സ്വകാര്യ വാഹനങ്ങളുടെ യാത്രകൾ കുറക്കുന്നതിനാൽ പരിസ്ഥിതിക്ക് യോജിച്ച മാർഗം കൂടിയാണിത് -അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട് ആപ് വഴിയാണ് ഓൺ ഡിമാൻഡ് ബസ് സർവിസ് നടത്തുന്നത്. ദുബൈ ബസ് ഓൺ-ഡിമാൻഡ് ആപ് ആപ്പിൾ സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. 10 സീറ്റുള്ള ബസുകളാണ് സേവനത്തിന് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.