ദുബൈ: കുഞ്ഞുങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും നൽകുന്നതിനെ കുറിച്ചായിരിക്കും ഭൂരിപക്ഷം അമ്മമാരുടെയും ആധി. എന്നാൽ, ദുബൈ അൽഖൂസിൽ താമസിക്കുന്ന മഹ്നാസ് ഫാഖിഹിന് മക്കളുടെ കാര്യത്തിൽ ഇതൊന്നുമല്ല മുഖ്യം.
അവർ കാരുണ്യ വഴിയിലൂടെ വളരണം, അതാണ് മഹ്നാസിെൻറ ലക്ഷ്യം. റമദാനിൽ ദിവസവും 500ലേറെ പേരിലേക്കാണ് മഹ്നാസിെൻറയും മക്കളുടെയും നേതൃത്വത്തിൽ ഭക്ഷണം എത്തിക്കുന്നത്. മറ്റുള്ളവർക്ക് കൈത്താങ്ങായി കുഞ്ഞുങ്ങൾ വളരണമെന്ന ആഗ്രഹമാണ് മക്കളെയും ഇതിലേക്ക് പങ്കുചേർക്കാൻ കാരണമെന്ന് മഹ്നാസ് പറയുന്നു. 16കാരി അലീന ശൈഖും 12കാരൻ മിഖൈൽ ശൈഖും സന്തോഷത്തോടെ ഈ ദൗത്യം ഏറ്റെടുത്ത് നടപ്പാക്കുന്നു.
ദുബൈയിൽ ഇൻറീരിയർ ഡിസൈനറായ മഹ്നാസ് 19 വർഷം മുമ്പാണ് ഇന്ത്യയിൽനിന്ന് യു.എ.ഇയിൽ എത്തിയത്. നാട്ടിലുള്ളപ്പോൾ മുതൽ ചാരിറ്റിയിൽ താൽപര്യമുള്ള ഈ 51കാരി ദുബൈയിലെത്തിയ ശേഷമാണ് സജീവമായത്. 2002ൽ താമസസ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം നൽകിയായിരുന്നു തുടക്കം. സുഹൃത്തുക്കളുടെയും സംഘടനകളുടെയും പിന്തുണകൂടിയായപ്പോൾ ഭക്ഷണം എത്തിക്കുന്ന പ്രദേശങ്ങൾ കൂടിവന്നു.
2018 മുതൽ ദിവസവും 500 ഇഫ്താർ ബോക്സുകൾ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കും നൽകുന്നുണ്ട്. ഈ വർഷം ഭക്ഷണ വിതരണത്തിന് കോവിഡ് നിയന്ത്രണങ്ങളുണ്ട്. അതിനാൽ, അംഗീകൃത ചാരിറ്റി സംഘടനകളുമായി ചേർന്നാണ് വിതരണം. കഴിഞ്ഞ വർഷം ശ്രീലങ്കൻ ജീവകാരുണ്യ സംഘടനയായ സഹാനയുമായി ചേർന്നായിരുന്നു പ്രവർത്തനം. ഇവിടെയെല്ലാം സഹായവുമായി മക്കളും ഉണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കാനാണ് തെൻറ രക്ഷിതാക്കൾ പഠിപ്പിച്ചതെന്നും ഇതാണ് മക്കൾക്ക് പകർന്ന് നൽകുന്നതെന്നും മഹ്നാസ് പറയുന്നു.
മറ്റുള്ളവർക്ക് നൽകുന്നതിെൻറ ശ്രേഷ്ഠത അവരെ എപ്പോഴും പറഞ്ഞ് മനസ്സിലാക്കും. കോവിഡിന് മുമ്പും അവർ സഹായമനസ്കരായി ഒപ്പമുണ്ടായിരുന്നു. ആറാം വയസ്സു മുതൽ അലീന ഭക്ഷണവിതരണത്തിനായി ഒപ്പം കൂടുമായിരുന്നുവെന്നും അവർ പറയുന്നു.
മറ്റുള്ളവർക്ക് സഹായെമത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അലീന പറഞ്ഞു. ചെറുപ്പം മുതലേ റമദാനിൽ തൊഴിലാളികൾക്ക് ജ്യൂസും ഭക്ഷണവുമെത്തിക്കാൻ പോകുമായിരുന്നു. മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നുവെന്നറിയാൻ ഇത് ഏറെ സഹായിച്ചു. ജീവിതത്തിെൻറ നാനാതുറകളിലുള്ളവരോട് താഴ്മയോടെ പെരുമാറാനും സഹാനുഭൂതിയുള്ളവരാകാനും ഇത് തങ്ങളെ പ്രാപ്തരാക്കിയെന്നും അലീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.