ചെന്നൈയിൽ കോവിഡ് ഭേദമായി മടങ്ങിയ 10 പേർക്ക് വീണ്ടും രോഗബാധ

ചെന്നൈ: ചെന്നൈയിൽ കോവിഡ് ഭേദമായി ആശുപത്രി വിട്ട 10 പേരിൽ ദിവസങ്ങൾക്ക് ശേഷം വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തു. നാല് സർക്കാർ മെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷം കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടവരിലാണ് ആഴ്ചകൾക്ക് ശേഷം വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ ചിലയാളുകളിൽ രോഗമുക്തി നേടി ആഴ്ചകൾക്ക് ശേഷവും രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തെ കുറിച്ച് വിശദമായ ജനിതക പഠനം വേണ്ടിവരുമെന്ന് പകർച്ചവ്യാധി വിദഗ്ധർ പറയുന്നു. യു.എസിലും ഹോങ്കോങ്ങിലും നേരത്തെ ഇതുസംബന്ധിച്ച പഠനം നടത്തിയിരുന്നു. ഒരിക്കൽ രോഗം ഭേദമായി വീണ്ടും റിപ്പോർട്ട് ചെയ്യുന്നവരിൽ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായ ജനിതക ഘടനയുള്ള വൈറസാണ് കണ്ടെത്തിയതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

വൈറസിന്‍റെ ജനിതകഘടന പഠിക്കുമ്പോൾ മാത്രമേ ഇത്തരത്തിൽ വീണ്ടും രോഗം പകരുന്നതിനെ കുറിച്ച് നിഗമനത്തിലെത്താനാകൂവെന്ന് ഓമന്തുരാർ മെഡിക്കൽ കോളജിലെ ഡീൻ ഡോ. ആർ. ജയന്തി പറയുന്നു. വൈറസ് ജനിതക ഘടന വ്യത്യസ്തമാണെങ്കിൽ അവ രോഗമുക്തി നേടിയതിന് ശേഷം വീണ്ടും പകർന്നതാവാം. ഒരേ ഘടനയാണെങ്കിൽ മാറിയ രോഗം വീണ്ടും വന്നതാകാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

രോഗത്തിന്‍റെ രണ്ടാമത്തെ വരവിൽ ചെറിയ ലക്ഷണങ്ങൾ മാത്രമാണ് കാണുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഗുരുതര നിലയിൽ ആരിലും രോഗബാധ ഉണ്ടായിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.