ഭോപാൽ: അഞ്ചുദിവസത്തിനിടെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി 13കാരിയെ ഒമ്പതംഗ സംഘം ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലാണ് സംഭവം.
ജനുവരി നാലിനാണ് പെൺകുട്ടിയെ പരിചയത്തിലുള്ള യുവാവ് തട്ടികൊണ്ടുപോകുന്നത്. തുടർന്ന് രണ്ടുദിവസത്തോളം പെൺകുട്ടിയെ യുവാവും സുഹൃത്തുക്കളായ ആറുപേരും ചേർന്ന് ബലാത്സംഗം ചെയ്തു.
ജനുവരി അഞ്ചിന് പെൺകുട്ടിയെ വിട്ടയച്ച സംഘം സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല.
ആറുദിവസത്തിന് ശേഷം ജനുവരി 11ന് വീണ്ടും ആദ്യസംഘത്തിലെ ഒരാൾ പെൺകുട്ടിയെ തട്ടികൊണ്ടുപോയി. തുടർന്ന് കാട്ടിനുള്ളിലും വഴിയോര ഭക്ഷണശാലയിലും വെച്ച് മൂന്നുപേർക്കൊപ്പം ബലാത്സംഗം ചെയ്യുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ രണ്ടു ട്രക്ക് ഡ്രൈവർമാരും ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു.
അവരിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി വെള്ളിയാഴ്ച വെളുപ്പിന് വീട്ടിലെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. ആറു പ്രതികളെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്തതായും മറ്റു പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'സമ്മാൻ' അവബോധ കാമ്പയിൻ തുടരുന്നതിനിടെയാണ് ദാരുണ സംഭവം. കഴിഞ്ഞ ആറുദിവസത്തിനിടെ സംസ്ഥാനത്ത് നാലോളം ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് സ്ത്രീ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുകയാണ് പ്രതിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.