ക്ഷേത്രങ്ങളിൽ ഇടക്ക നിരോധിക്കാനും ഹിന്ദുസംഘടനകൾ ഇടപെടണമെന്ന് എൻ.എസ് മാധവൻ

കൊച്ചി: പശുത്തോൽ കൊണ്ട് നിർമിച്ച ഷൂസ് വിൽപനക്ക് വെച്ച ഓൺലൈൻ ഷോപ്പിനെതിരെ ആർ. എസ്.എസ് അനുഭാവികൾ രംഗത്തുവന്നതിനെ വിമർശിച്ച് സാഹിത്യകാരൻ എൻ.എസ് മാധവൻ. പശുവിൻെറ ആന്തരിക ചർമം കൊണ്ട് നിർമിക്കുന്ന ക്ഷേത്രവാദ്യമായ ഇടയ്ക്ക നിരോധിക്കാനും ഹിന്ദുസംഘടനകൾ മുന്നോട്ടുവരണമെന്ന് മാധവൻ ട്വീറ്റ് ചെയ്തു. ആർ.എസ്.എസ് അനുകൂലികളുടെ ട്വിറ്റർ അക്കൗണ്ടിലാണ് ഓൺലൈൻ സ്റ്റോറായ മിന്ത്രക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നത്. ഇതിനോടുള്ള പ്രതികരണമായാണ് എൻ.എസ് മാധവൻെറ ട്വീറ്റ്. കേരളത്തിലെ ക്ഷേത്രങ്ങളിലാണ് ഇടയ്ക്ക വാദ്യമായി ഉപയോഗിക്കുന്നത്.

RSS_Org എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഷൂ വിൽപനക്കെതിരെ നടപടി വേണമെന്ന് ആവശ്യം വന്നത്. ഷൂ  വിൽപനക്ക് വെക്കുന്നതിലൂടെ മിന്ത്ര വിശ്വാസത്തെ വ്രണപ്പെടുത്തുകയാണെന്നും ട്വിറ്ററിൽ പറയുന്നു. അതേസമയം ട്വിറ്ററിൽ പറയുന്ന കാര്യങ്ങൾ ആർ.എസ്.എസിൻെറ ഔദ്യോഗിക നിലപാടല്ലെന്നും ഇത് ഔദ്യോഗിക ട്വിറ്ററല്ലെന്നും ആർ.എസ്.എസ് നേതാവ് മൻമോഹൻ വൈദ്യ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ് ലി എന്നിവർ പിന്തുടരുന്ന അക്കൗണ്ടാണിത്. സ്വയംസേവകരിലൊരാളാണ് ഈ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നും മിന്ത്രയെ സംബന്ധിച്ചുള്ള ട്വീറ്റ് പൊതുജനാഭിപ്രായമാണെന്നും ആർ.എസ്.എസ്. കർണാടക മാധ്യമവിഭാഗം തലവൻ രാജേഷ് പദ്മർ അറിയിച്ചു.

അതേസമയം, ഷൂ വിൽപന മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തോട് മിന്ത്ര പ്രതികരിച്ചു. നിങ്ങളുടെ വികാരങ്ങളെ മാനിക്കുന്നു. എന്നാൽ തുകൽ ഉത്പന്നങ്ങളുടെ  വിൽപന രാജ്യത്ത് നിയമവിരുദ്ധമാക്കിയിട്ടില്ല എന്നും മിന്ത്ര വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.