പട്ന: ബിഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിൽ. ഉച്ചക്ക് രണ്ട് മണിക്ക് പട്നയിലെ ഗാന്ധി മൈതാനത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവിനും സഹമന്ത്രിമാർക്കും ഗവർണർ രാംനാഥ് കോവിന്ദ് സത്യവാചകം കൊടുത്തു. തേജസ്വിയെ കൂടാതെ ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ്, ആർ.ജെ.ഡിയുടെ മുസ് ലിം മുഖം അബ്ദുൽ ബാരി സിദ്ദീഖി തുടങ്ങിയവരാണ് സത്യപ്രതിജ്ഞ മറ്റ് പ്രമുഖർ.
ആർ.ജെ.ഡി, ജെ.ഡി.യു പാർട്ടികളെ പ്രതിനിധീകരിച്ച 12 വീതവും കോൺഗ്രസിന്‍റെ നാലു പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ അഞ്ചാം തവണ മുഖ്യമന്ത്രിയാകുന്ന നിതീഷ് കുമാറിന് ഇത്തവണത്തേത് ഹാട്രിക് ആണ്. 26കാരനായ തേജസ്വി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയാണ്.
പ്രൗഢഗംഭീരമായ സദസിനെ സാക്ഷി നിർത്തിയാണ് നിതീഷ് കുമാർ മന്ത്രിസഭാ അധികാരമേറ്റത്. കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം കോൺഗ്രസ് ഭരണത്തിലുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ചടങ്ങിൽ പങ്കെടുത്തു. എന്നാൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പങ്കെടുത്തില്ല.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, കോൺഗ്രസ് ലോക്സഭാ നിയമസഭാകക്ഷി നേതാവ് മല്ലികാർജുന ഖാർഗെ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ എന്നീ പ്രമുഖ നേതാക്കളും കേന്ദ്രസർക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജീവ് പ്രതാവ് റൂഡിയും ശിവസേനയെ പ്രതിനിധീകരിച്ച് മഹാരാഷ്ട്ര സർക്കാറിലെ രണ്ട് മന്ത്രിമാരും ചടങ്ങിൽ പങ്കാളികളായി.
വാശിയേറിയ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് എന്നീ പാർട്ടികളുടെ മഹാസഖ്യം 243ൽ 178 സീറ്റ് നേടിയാണ് അധികാരം പിടിച്ചത്. ആർ.ജെ.ഡി 80ഉം ജെ.ഡി.യു 71ഉം കോൺഗ്രസ് 27ഉം സീറ്റുകളിൽ വിജയിച്ചു. ബിഹാറിൽ അട്ടിമറി വിജയം നേടുമെന്ന് ആഹ്വാനം ചെയ് ബി.ജെ.പി നേതൃത്വം നൽകിയ എൻ.ഡി.എ സഖ്യം 58 സീറ്റിൽ ഒതുങ്ങി. സ്വതന്ത്രർ ഏഴ് സീറ്റുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.