കൂലിപ്പണിക്കാരായ പുരുഷന്മാരില്‍ ഭൂരിഭാഗവും മുസ്ലിംകള്‍

ന്യൂഡല്‍ഹി: ഗ്രാമീണ ഇന്ത്യയില്‍ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന പുരുഷന്മാരില്‍ കൂടുതല്‍ പേരും മുസ്ലിം സമുദായത്തില്‍നിന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്. ദേശീയ സാമ്പ്ള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ 2011-12 വര്‍ഷത്തില്‍ നടത്തിയ സര്‍വേയില്‍നിന്നുള്ള കണക്കു പ്രകാരം നഗരങ്ങളില്‍ സ്വയം തൊഴില്‍ചെയ്യുന്ന പുരുഷന്മാര്‍ കൂടുതലും മുസ്ലിം സമുദായത്തില്‍നിന്നുള്ളവരാണ്. കൂലിപ്പണി ചെയ്യുന്ന സ്ത്രീകള്‍ കൂടുതലും ഹിന്ദു സമുദായത്തില്‍നിന്നാണെന്നും സര്‍വേയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.2011 ജൂലൈ മുതല്‍ 2012 ജൂണ്‍ വരെ നടത്തിയ ദേശീയ സാമ്പ്ള്‍ സര്‍വേയുടെ 68ാം റൗണ്ടിന്‍െറ റിപ്പോര്‍ട്ടില്‍നിന്നാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. ഗ്രാമങ്ങളില്‍ മൊത്തം തൊഴിലാളികളുടെ 35 ശതമാനവും കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്.

അതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടും. പുരുഷന്മാരായ കൂലിപ്പണിക്കാരില്‍ 37.3 ശതമാനവും മുസ്ലിംകളാണ്. കൂലിപ്പണിയെടുക്കുന്ന  പുരുഷന്മാരില്‍ 27.4 ശതമാനവുമായി ക്രിസ്ത്യാനികളാണ് ഏറ്റവും കുറവ്. എന്നാല്‍, സ്ത്രീകളായ കൂലിപ്പണിക്കാരില്‍ 36.6 ശതമാനവും ഹിന്ദുക്കളാണ്. കൂലിപ്പണിയെടുക്കുന്ന സ്ത്രീകള്‍ ഏറ്റവും കുറവ് സിഖ് സമുദായത്തിലാണ്. മൊത്തം സ്ത്രീ കൂലിപ്പണിക്കാരില്‍ 14.8 ശതമാനം മാത്രമാണ് സിഖ് സമുദായത്തില്‍നിന്നുള്ളത്.
ഗ്രാമീണമേഖലയില്‍ സ്ത്രീകളും പുരുഷന്മാരുമായ ദിവസ വേതനക്കാരിലും ശമ്പളക്കാരിലും കൂടുതല്‍ പേരും ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നുള്ളവരാണ്. ഈ വിഭാഗത്തില്‍ സ്ത്രീകളില്‍ 14 ശതമാനം പേരും പുരുഷന്മാരില്‍ 16.1 ശതമാനവും ക്രിസ്ത്യാനികളാണ്. എല്ലാ മതവിഭാഗങ്ങളിലും തൊഴിലില്ലായ്മയുടെ തോത് കുറഞ്ഞുവെന്നാണ് മറ്റൊരു കണ്ടത്തെല്‍.  മുസ്ലിംകളിലെ തൊഴിലില്ലായ്മ ഗ്രാമങ്ങളില്‍ 3.9 ശതമാനവും നഗരങ്ങളിലും പട്ടണങ്ങളിലും 2.6 ശതമാനവുമാണ്. എന്നാല്‍, തൊഴിലില്ലാ പടയില്‍ ഗ്രാമങ്ങളില്‍ 5.9 ശതമാനത്തോടെയും  നഗരങ്ങളിലും  പട്ടണങ്ങളിലും 4.5 ശതമാനത്തോടെയും ക്രിസ്ത്യാനികളാണ് മുന്നില്‍ നില്‍ക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.