കാള്‍ മുറിയല്‍: വിശദാംശങ്ങള്‍ അറിയിക്കാന്‍ ട്രായിക്ക് സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: കാള്‍ മുറിയല്‍ സംബന്ധിച്ച് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കൈക്കൊണ്ട സാങ്കേതിക നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ കാള്‍ മുറിയലിന് ടെലികോം കമ്പനികളില്‍നിന്ന് പിഴ ഈടാക്കുന്നതുസംബന്ധിച്ച നിയമഭേദഗതിയെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും ട്രായിയോട് കോടതി ഉത്തരവിട്ടു.
അതല്ല, ഇപ്പോഴുള്ള രീതിതന്നെ തുടരാനാണെങ്കില്‍ അക്കാര്യവും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍െറ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. കാള്‍ മുറിയലിന്‍െറ കാരണങ്ങള്‍ വിശദീകരിച്ച് ട്രായ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് 2015ലെ ടെലികോം നിയമം പരിഗണിക്കാതെയാണെന്നാണ് പ്രാഥമികമായി വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നതെന്ന് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.
എന്നാല്‍, ടെലികോം നിയന്ത്രണം, സാങ്കേതിക സംവിധാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പ്രത്യേക സാഹചര്യങ്ങളില്‍ ട്രായ് ഇത്തരം റിപ്പോര്‍ട്ടുകള്‍ തയാറാക്കാറുണ്ടെന്നും അവയൊന്നും പൂര്‍ണാര്‍ഥത്തിലുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടുകളല്ളെന്നും ട്രായിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ വാദിച്ചു.
കാള്‍ മുറിയല്‍ സംഭവിക്കുന്നുവെന്നും എന്നാല്‍, അതിന്‍െറ ഉത്തരവാദിത്തം ടെലികോം കമ്പനികള്‍ക്കല്ളെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നതിന്‍െറ യുക്തിയെന്തെന്ന മറുചോദ്യത്തോടെ ഈ വാദം കോടതി തള്ളി.
റിപ്പോര്‍ട്ടില്‍ പറയുന്ന ‘ മറ്റു കാരണങ്ങള്‍’ ഇനിയും വിശദമാക്കാത്തതെന്തെന്നും  കോടതി ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.