ന്യൂഡല്‍ഹി: അക്കാദമിക പശ്ചാത്തലമില്ലാത്ത പട്ടാള ഓഫിസറെ അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമിച്ചതിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി. ലഫ്റ്റനന്‍റ് ജനറല്‍ സമീറുദ്ദീന്‍ ഷായെ നിയമിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍, ജസ്റ്റിസ് എ.എം. ഖാന്‍വികാര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍വകലാശാലയായ അലിഗഢില്‍ യു.ജി.സി ചട്ടങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണെന്ന് സൂചിപ്പിച്ചത്. വൈസ് ചാന്‍സലര്‍ സ്ഥാനത്ത് വരുന്നയാള്‍ പത്തുവര്‍ഷമെങ്കിലും ഒരു സര്‍വകലാശാലയില്‍ പ്രഫസറായിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹരജിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരായി. യു.ജി.സി വ്യവസ്ഥകള്‍ ലംഘിച്ചാണ് നിയമനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വകലാശാലക്കുവേണ്ടി ഹാജരായ രാജു രാമചന്ദ്രന്‍ യു.ജി.സി വ്യവസ്ഥകള്‍ വി.സിയുടെ നിയമനത്തിന് ബാധകമല്ളെന്നും വി.സി സ്ഥാനം ഓഫിസര്‍ തസ്തികയാണെന്നും വാദിച്ചു. ലഫ്റ്റനന്‍റ് ജനറല്‍ സമീറുദ്ദീന്‍ ഷാക്ക് വേണ്ടി ഹാജരായ അഡ്വ. സല്‍മാന്‍ ഖുര്‍ഷിദ് അലിഗഢ് ന്യൂനപക്ഷപദവിയുള്ള സ്ഥാപനമാണെന്ന് പറഞ്ഞു. ഹരജിയില്‍ സെപ്റ്റംബര്‍ 26ന് കോടതി വീണ്ടും വാദം കേള്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.