ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി ചന്തയായ ചെന്നൈയിലെ കോയേമ്പടിൽ നിന്നും കോവിഡ് വൈറസ് ബാധ പടർന്നത് 2600 ലധികം ആളുകളിലേക്കെന്ന് റിപ്പോർട്ട്. കോയേമ്പട് മാർക്കറ്റ് റെഡ് സ്പോർട്ടായി പ്രഖ്യാപിച്ച് മുൻകരുതൽ നടപടികൾ എടുത്തിരുന്നു. മാർക്കറ്റിലെ എല്ലാ തൊഴിലാളികളെയും കോവിഡ് പരിശോധനക്ക് വിധേയരാക്കിയെന്നും സ്പെഷ്യൽ നോഡൽ ഓഫീസർ ഡോ.ജെ രാധാകൃഷ്ണണൻ പറഞ്ഞു.
മാർക്കറ്റുമായി ബന്ധപ്പെട്ട 2.6 ലക്ഷം പേരിൽ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇതിൽ 2600 പേർ കോവിഡ് പോസിറ്റീവാണ്. കോയേമ്പട് പോലുള്ള നഗരത്തിലെ തിരക്കേറിയ ചേരി പ്രദേശങ്ങളിൽ വൈറസ് വ്യാപനമുണ്ടായാൽ നിയന്ത്രിക്കുക എന്നത് വെല്ലുവിളിയാണെന്നും ഡോ. രാധാകൃഷ്ണൻ പറഞ്ഞു. 295 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന മാർക്കറ്റിൽ 3000ത്തിൽ അധികം പഴം, പച്ചക്കറി കടകളാണുള്ളത്.
ചെന്നൈയിൽ കോവിഡ് രോഗികൾക്ക് മതിയായ ആശുപത്രി സൗകര്യങ്ങളുണ്ട്. ഗുരുതരമായി രോഗം ബാധിച്ചവർക്കും വെൻറിലേറ്റർ ഉൾപ്പെടെ എല്ലാതര ചികിത്സാസൗകര്യങ്ങളുമുണ്ട്. അതേസമയം, തമിഴ്നാട്ടിലെ മരണ നിരക്ക് 0.67 ശതമാനമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ ഇതുവരെ 9227 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 64 പേർ മരിക്കുകയും ചെയ്തു. നിലവിൽ 6,989 രോഗബാധിതർ ചികിത്സയിലുണ്ട്. 2176 പേർ രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.