ചണ്ഡീഗഡ്: ഹരിയാനയിലെ ഝജ്ജറിൽ നിയന്ത്രണം വിട്ട ട്രക്ക് റോഡരികിൽ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കുമേൽ ഇടിച്ചുകയറി മൂന്ന് മരണം. കുണ്ഡ്‍ലി-മനേസർ-പൽവാൽ എക്സ്പ്രസ് വേയിൽ ആശോദ്ധ ടോൾ പ്ലാസയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് സംഭവം.
നിർമാണ തൊഴിലാളികളാണ് മരിച്ചത്. എക്സപ്രസ് വേ റോഡരികിൽ നിർമാണ തൊഴിലാളികളായ 18 ഓളം പേർ കിടന്നുറങ്ങുന്നതിനിടയിലേക്കാണ് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറിയത്.
തൊഴിലാളികൾ സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അമിത് യാശ്വർധൻ പറഞ്ഞു. 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ പത്ത് പേരെ റോഹ്ത്തഗിലെ ആശുപത്രിയിലേക്ക് മാറ്റി.
പാലം നിർമാണവുമായി ബന്ധപ്പെട്ടാണ് തൊഴിലാളികൾ ഹരിയാനയിൽ എത്തിയത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ ഉത്തർ പ്രദേശിലെ രണ്ടു ജില്ലകളിൽ നിന്നുള്ളവരാണെന്നും പൊലീസ് ഓഫീസർ അറിയിച്ചു.
സംഭവം നടന്നയുടൻ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ട്രക്ക് ഉടമയെ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. രണ്ട് ഡ്രൈവർമാരും ഒരു സഹായിയും ട്രക്കിലുണ്ടായിരുന്നെന്ന് ഉടമ മൊഴി നൽകി. ഡ്രൈവർമാരുടെ പേരുവിവരങ്ങൾ അറിയാമെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
തൊഴിലാളികൾ കിടന്നുറങ്ങുന്നതിന് സമീപം ബാരിക്കേഡുകളും വാഹനങ്ങൾക്ക് തിരിച്ചറിയാനായി റിഫ്ലക്ടറുകളും സ്ഥാപിച്ചിരുന്നു. ഡ്രൈവർ ലഹരി ഉപയോഗിച്ചതോ ഉറങ്ങിയതോ ആകാം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനിടയാക്കിയതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.