ന്യൂഡൽഹി: വിവാദ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി കഴിഞ്ഞ മൂന്നു വർഷങ്ങളിലായി രാജ്യത്ത് അറസ്റ്റിലായത് 3974 പേർ. 2016, 17, 18 വർഷങ്ങളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.മൂന്നു വർഷങ്ങളിലായി യഥാക്രമം 922, 901, 1182 കേസുകൾ എടുത്തു. 999, 1554, 1421 പേർ അറസ്റ്റിലുമായി. ഇതിൽ കുറ്റപത്രം നൽകിയ കേസുകളുടെ എണ്ണം 232, 272, 317 ആണ്'' -മന്ത്രി പറഞ്ഞു.
'ഇടത്, കശ്മീർ തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞു'
രാജ്യത്ത് ഇടതു തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങൾ കാര്യമായി കുറഞ്ഞതായി കേന്ദ്ര സർക്കാർ. കൂടാതെ, 370ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ജമ്മു-കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചു.
2010 മുതൽ 19 വരെയുള്ള കാലയളവിൽ ഇടതു തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങൾ 1005ൽ നിന്ന് 202 ആയി കുറഞ്ഞു. 2019െൻറ ആദ്യ എട്ടുമാസങ്ങളുമായി താരതമ്യം ചെയ്താൽ 2020 ആഗസ്റ്റ് വരെ കാലയളവിൽ മരണം 137 ൽ നിന്ന് 102 ആയി കുറഞ്ഞുവെന്നും മന്ത്രി വിശദീകരിച്ചു. കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയ 2019 ആഗസ്റ്റ് അഞ്ചുമുതൽ 71 സിവിലിയന്മാരും 74 സുരക്ഷ സേനാംഗങ്ങളും തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടിട്ടുണ്ട്. 2018 ജൂൺ 29 മുതൽ 370ാം വകുപ്പ് റദ്ദാക്കിയതിെൻറ തലേദിവസം വരെയുള്ള കാലയളവിൽ 455 തീവ്രവാദ സംഭവങ്ങൾ അരങ്ങേറിയെങ്കിൽ, ശേഷമുള്ള ഒരുവർഷം ഇത്തരം 211 സംഭവങ്ങളേ ഉണ്ടായിട്ടുള്ളൂവെന്നും സഹമന്ത്രി വ്യക്തമാക്കി.
ദേശ സുരക്ഷ നിയമം: 1198 പേർ അറസ്റ്റിൽ; 563 പേർ കസ്റ്റഡിയിൽ
ദേശീയ സുരക്ഷ നിയമമനുസരിച്ച് 2017, 2018 വർഷങ്ങളിലായി രാജ്യത്താകെ 1198 പേരെ പിടികൂടിയെന്നും 563 പേർ ഇപ്പോഴും കസ്റ്റഡിയിലാണെന്നും രാജ്യസഭയിൽ കേന്ദ്ര സർക്കാർ. 2017ൽ രാജ്യത്ത് 501 പേരെ അറസ്റ്റ് ചെയ്തുവെങ്കിലും പുനരവലോകന സമിതി, ഇതിൽ 229 പേരെ വിട്ടയച്ചു. 272 പേർ ഇപ്പോഴും കസ്റ്റഡിയിലാണ്. 2018ൽ കസ്റ്റഡിയിലെടുത്ത 697 പേരിൽ 406 പേരെ വിട്ടയക്കുകയും 291 പേരെ കസ്റ്റഡിയിൽ വെക്കുകയും ചെയ്തിട്ടുണ്ട്.
മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിശദീകരിച്ചു. ഉത്തർപ്രദേശാണ് രണ്ടാമത്.
റെയില്‍വേ പൂര്‍ണമായും സ്വകാര്യവത്കരിക്കില്ല -കേന്ദ്രം
റെയില്‍വേ പൂര്‍ണമായും സ്വകാര്യവത്കരിക്കാനുള്ള തീരുമാനമില്ലെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ലോക്സഭയില്‍. എം.കെ. രാഘവന് എം.പി ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. തെരഞ്ഞെടുത്ത റൂട്ടുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനും ആധുനിക റേക്കുകള്‍ ഉള്‍പ്പെടുത്തുന്നതിനും ഉള്‍പ്പെടെ കുറച്ച് സംരംഭങ്ങളില്‍ പൊതു-സ്വകാര്യ പങ്കാളിത്ത രീതി ഉപയോഗിക്കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം മേഖല ഏറ്റവും വലിയ പ്രതിസന്ധിയിലെന്ന് കേന്ദ്രം
കോവിഡ് പ്രതിസന്ധി കേന്ദ്ര ടൂറിസം മേഖലയെ സാരമായി ബാധിച്ചെന്നും അടുത്തകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് മേഖല കടന്നു പോകുന്നതെന്നും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ലോക്സഭയിൽ.
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ടൂറിസം മേഖലയിലുണ്ടായ ആഘാതം, തൊഴിൽനഷ്ടം എന്നിവ പഠിക്കാനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
പുതുക്കിയ ഇ.ഐ.എ വിജ്ഞാപനം പിൻവലിക്കണം -ബെന്നി ബഹനാൻ
രാജ്യത്തെ ജനപ്രതിനിധികളുടെയോ ജനങ്ങളുടെയോ അഭിപ്രായം ചോദിച്ചറിയാതെ പുറത്തിറക്കിയ പുതിയ ഇ.ഐ.എ വിജ്ഞാപനം പിൻവലിക്കണമെന്ന് ലോക്സഭയിൽ ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു.
പരിസ്ഥിതിക്ക് വൻ ആഘാതം സൃഷ്ടിക്കുന്ന വിജ്ഞാപനം ആദിവാസികൾ, കർഷകർ, തീരദേശ മത്സ്യത്തൊഴിലാളി സമൂഹങ്ങൾ, ഗ്രാമങ്ങളിലും വ്യവസായങ്ങൾക്കു സമീപവും താമസിക്കുന്ന പൊതുജനങ്ങൾ തുടങ്ങിയവർക്ക് പ്രത്യാഘാതം സൃഷ്ടിക്കും.
വിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാന ഘടനയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും എം.പി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.