അജ്മീർ: കന്നുകാലിക്കടത്ത് ആരോപിച്ച് കിഷൻഗഢിന് സമീപം പശുഗുണ്ടകൾ അഞ്ച് ട്രക്ക് ഡ്രൈവർമാരെ ആക്രമിച്ചു. ചുരു സ്വദേശി കിഷൻലാൽ, ഓം പർകേഷ് ജാട്ട്, വിക്രം ലോഹർ, അർജുൻ എന്നിവരടക്കം അഞ്ചുപേരെയാണ് ട്രക്ക് ആക്രമിച്ച് വളഞ്ഞിട്ട് മർദിച്ചത്. നാഗൗറിലെ കാലിച്ചന്തയിൽനിന്ന് വാങ്ങിയ കന്നുകാലികളുമായി പോകുന്നതിനിടെയാണ് സംഭവം.
അക്രമികളിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി മധ്യപ്രദേശിലെ ഇൻഡോറിലേക്ക് ട്രക്കുകളിൽ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെയാണ് സംഭവമെന്ന് കിഷൻഗഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മനീഷ് ശർമ്മ പറഞ്ഞു. കിഷൻഗഡിലെത്തിയപ്പോൾ ഗോരക്ഷ ദൾ എന്ന പേരിലുള്ള പശുഗുണ്ടകൾ സംഘടിതമായെത്തി ട്രക്കുകൾ തടഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. കന്നുകാലികളെ അനധികൃതമായി കടത്തിയെന്നാരോപിച്ച് നൂറുകണക്കിന് അക്രമികൾ അഞ്ച് ഡ്രൈവർമാരെയും ക്രൂരമായി തല്ലിച്ചതച്ചു. ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ച് അഞ്ച് ട്രക്കുകളും തകർത്തു.
വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയാണ് ഡ്രൈവർമാരെ രക്ഷിച്ചത്. അക്രമികളെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തി. ഡ്രൈവർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റവർ ആരോഗ്യനില വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
നാഗൗറിലെ കാലിച്ചന്തയിൽനിന്നാണ് കന്നുകാലികളെ വാങ്ങിയതെന്ന് ട്രക്ക് ഡ്രൈവർമാർ പറഞ്ഞു. മൃഗങ്ങളെ വാങ്ങിയതിന്റെ ബില്ലുകൾ ഹാജരാക്കാൻ അവരോട് ആവശ്യപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അക്രമത്തിന്റെ ദൃശ്യങ്ങൾ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അശോക് സ്വൈൻ ട്വിറ്ററിൽ പങ്കുവെച്ചു. ‘ഇന്ത്യയിലെ അജ്മീറിലെ ഹിന്ദുത്വസംഘം പശുക്കളെ കടത്തിയതിന് ട്രക്ക് ഡ്രൈവർമാരെ ക്രൂരമായി മർദിക്കുന്നു. ഈ 4 ട്രക്ക് ഡ്രൈവർമാരും ഹിന്ദുക്കളാണ്. അവർ (ഹിന്ദുത്വവാദികൾ) ആരെയും ജീവിക്കാൻ അനുവദിക്കില്ല!’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.