ഡൽഹി: ആം ആദ്മി പാർട്ടി സർക്കാറിനെ മദ്യനയത്തിൽ തളക്കാൻ സി.ബി.ഐ അന്വേഷണം തുടരുന്നതിനിടയിൽ ബി.ജെ.പിക്ക് രാഷ്ട്രീയ പ്രതിരോധം തീർത്ത് ആം ആദ്മി പാർട്ടി. സി.ബി.ഐ റെയ്ഡിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ രണ്ടു ദിവസത്തെ പര്യടനത്തിന് തിങ്കളാഴ്ച ഗുജറാത്തിലേക്ക്.
എക്സൈസ് വകുപ്പ് കൈകാര്യംചെയ്യുന്ന മനീഷ് സിസോദിയയുടെ അറസ്റ്റിലേക്ക് സി.ബി.ഐ അന്വേഷണം എത്തിക്കുമെന്ന ബലമായ സംശയം ആപ്പിനുണ്ട്. ഗുജറാത്ത് യാത്ര പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തിലാണ്. യാത്രക്കു മുമ്പോ അതിനുശേഷമുള്ള ദിവസങ്ങളിലോ അറസ്റ്റിനു മുതിർന്നാൽ, ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ പ്രവർത്തനമാണ് അതിനു പ്രേരകമെന്ന് ചൂണ്ടിക്കാട്ടാൻ കൂടിയാണ് ആപ്പിന്റെ ഒരുക്കം. അത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കും.
മാസങ്ങൾക്കകം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന പ്രതിയോഗിയായി വളരാനാണ് ആപ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ പ്രതിയോഗിയായി ഉയർന്നുവരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർഥമായി നീങ്ങുകയാണ്. അതിനിടയിലാണ് മദ്യനയ അഴിമതി കേന്ദ്രവും ബി.ജെ.പിയും ആയുധമാക്കിയത്.
തിങ്കളാഴ്ച ദ്വിദിന സന്ദർശനത്തിന് ഗുജറാത്തിലേക്ക് പോകുന്ന താനും സിസോദിയയും യുവസദസ്സുകളിൽ ചർച്ച നടത്തുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഗുജറാത്തിൽ അധികാരത്തിൽവന്നാൽ ഗുണമേന്മയുള്ള വിദ്യാഭ്യാസ, ചികിത്സ സൗകര്യങ്ങൾ ഡൽഹിയിലെപ്പോലെ സൗജന്യമായി ലഭ്യമാക്കുമെന്ന വാഗ്ദാനവുമായാണ് യാത്ര. ആപ്പിന്റെയും കെജ്രിവാളിന്റെയും പ്രതിച്ഛായ തകർക്കാൻ സി.ബി.ഐയെ മോദിസർക്കാർ ദുരുപയോഗിക്കുകയാണെന്ന് ആപ് നേതാക്കൾ പലവട്ടം നടത്തിയ വാർത്തസമ്മേളനങ്ങളിൽ ആരോപിച്ചു. അതേസമയം, മദ്യനയത്തിൽ കുറ്റാരോപിതരായ ഏതാനും പേർക്ക് സി.ബി.ഐ ശനിയാഴ്ച സമൻസ് അയച്ചു. സിസോദിയയുടെ വസതിയിൽ അടക്കം 31 കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ച രേഖകൾ പരിശോധിച്ചുവരുകയാണെന്നും സി.ബി.ഐ വൃത്തങ്ങൾ വിശദീകരിച്ചു. മദ്യനയ അഴിമതിക്കേസിൽ സിസോദിയയാണ് ആദ്യ കുറ്റാരോപിതനെങ്കിൽ, സൂത്രധാരൻ കെജ്രിവാളാണെന്ന് ബി.ജെ.പി ആരോപിച്ചു.
സി.ബി.ഐ അന്വേഷണത്തിലൂടെ പുറത്തുവരുന്ന യഥാർഥ മുഖം മറയ്ക്കാൻ രാഷ്ട്രീയം കലർത്തുകയാണ് കെജ്രിവാൾ ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാകുർ കുറ്റപ്പെടുത്തി. കെജ്രിവാൾ മോദിയുടെ പ്രതിയോഗിയല്ലെന്ന് ഇതിനകം നടന്ന തെരഞ്ഞെടുപ്പുകൾ തെളിയിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസും ആപ്പിനെതിരെ ശക്തമായ ആക്രമണത്തിലാണ്. സിസോദിയയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ആപ് ഓഫിസിനു മുന്നിൽ പ്രതിഷേധപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.