അനിതയുടെ വീട് നടൻ വിജയ് സന്ദര്‍ശിച്ചു

ചെന്നൈ: ​ മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന്​ ആത്​മഹത്യ ചെയ്​ത ദളിത്​ വിദ്യാർഥിനി അനിതയുടെ വീട് ചലച്ചിത്രതാരം വിജയ് സന്ദര്‍ശിച്ചു. നീറ്റിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് വിജയ്‌യുടെ സന്ദര്‍ശനം. അരിയല്ലൂര്‍ ജില്ലയിലെ കുഴുമൂര്‍ ഗ്രാമത്തിലെ വീട്ടില്‍ എത്തിയ വിജയ്​, അനിതയുടെ പിതാവ്​ ഷണ്‍മുഖനു ലക്ഷം രൂപ സഹായധനം നല്‍കിയാണ് മടങ്ങിയത്. അനിതയുടെ ചിത്രത്തിനു മുന്നിൽ ദുഃഖിതനായ അച്ഛനൊപ്പം വിജയ് തറയിലിരുന്ന് സംസാരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്​. 

തമിഴ്‌നാട്ടില്‍ നിരവധി സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികള്‍ നീറ്റിനെതിരായി ക്ലാസുകള്‍ ഉപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയിരുന്നു. തമിഴ്‌സിനിമാരംഗത്തുനിന്നും ഒട്ടേറെ പ്രമുഖര്‍ വിഷയത്തില്‍ മുമ്പ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 

പെൺകുട്ടിയുടെ മരണത്തിൽ അനുശോചനവുമായി കമൽഹാസനും രജനീകാന്തും നേരത്തെ രംഗത്തെത്തിയിരുന്നു. തമിഴ്നാട്​ സിലബസിൽ ഹയർസെക്കൻഡറി പഠിച്ച  അനിതക്ക്​ 1200ൽ 1176 മാർക്ക്​  ലഭിച്ചിരുന്നു. എന്നാൽ നീറ്റ്​ പരീക്ഷക്ക്​ 86 മാർക്ക്​ മാത്രമേ ലഭിച്ചുള്ളു. ബോർഡ്​ പരീക്ഷയിൽ മികച്ച മാർക്ക്​ വാങ്ങിയിട്ടും നീറ്റിൽ തിളങ്ങാൻ സാധിക്കാത്ത തന്നെ പോലുള്ള പാവപ്പെട്ട വിദ്യാർഥികളെ ദുരിതത്തിലാഴ്​ത്തുമെന്ന്​ ചൂണ്ടിക്കാട്ടി​ അനിത നീറ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു​. എന്നാൽ കോടതി അനിതയുടെ ഹരജി തള്ളുകയായിരുന്നു.


 

Tags:    
News Summary - Actor Vijay meets Anitha's family, girl who committed suicide over NEET-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.