അദാനി ഗ്രൂപ്പ് അഗ്നിവീർ പരിശീലന കേന്ദ്രം തുടങ്ങി

ബിലാസ്പൂർ: കരാർ അടിസ്ഥാനത്തിൽ സൈനിക സേവനത്തിന് യുവാക്കളെ തെരഞ്ഞെടുക്കുന്ന ‘അഗ്നിപഥ്’ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അദാനി ഗ്രൂപ്പിന് കീഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചു. ബിലാസ്പൂർ ജില്ലയിലെ ബർമാനയിൽ അദാനിയുടെ ഉടമസ്ഥതയിലുള്ള എ.സി.സി സിമന്റ് ഫാക്ടറിയോട് ചേർന്നാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

അഗ്നിവീർ റിക്രൂട്ട്മെന്റിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും കൂടുതൽ യുവാക്കളെ പ്രതിരോധ സേവനങ്ങളിൽ ചേരാൻ പ്രോത്സാഹിപ്പിക്കാനു​മാണ് പരിശീലന കേന്ദ്രം തുടങ്ങിയതെന്ന് സ്ഥാപന അധികൃതർ പറഞ്ഞു. എസിസി കാമ്പസിൽ സ്ഥിതി ചെയ്യുന്ന സ്‌പോർട്‌സ് ക്ലബ്ബിലാണ് സൗജന്യ സൈനിക റിക്രൂട്ട്‌മെന്റ് പരിശീലനം നൽകുന്നത്. ആദ്യ ബാച്ചിൽ 35 പേരാണ് പരിശീലനത്തിന് ചേർന്നത്.

ഹിമാചൽ പ്രദേശ് എക്‌സ് സർവീസ്‌മെൻ കോർപറേഷൻ ചെയർമാൻ ബ്രിഗേഡിയർ (റിട്ട) മദൻ ഷീൽ ശർമ്മ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. അദാനി സിമന്റ് ഗ്രൂപ്പ് ആരംഭിച്ച ഈ സംരംഭം പ്രദേശത്തെ യുവജനങ്ങൾക്ക് വലിയ സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു. പരിശീലന വേളയിൽ യുവാക്കളുടെ കഴിവുകൾ വിലയിരുത്തുമെന്നും രാജ്യത്തെ സേവിക്കാനുള്ള വികാരം അവർക്കിടയിൽ സന്നിവേശിപ്പിക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത ബ്രിഗേഡിയർ ജെ.എസ്. വർമ ​​പറഞ്ഞു. എ.സി.സി ബർമാന ചീഫ് പ്ലാന്റ് മാനേജർ റിട്ട. സ്ക്വാഡ്രൺ ലീഡർ സഞ്ജയ് വിശിഷ്, അഗ്നിവീർ നടപടിക്രമങ്ങളെയും സൗകര്യങ്ങളെയും കുറിച്ച് വിശദീകരിച്ചു.

അതിനിടെ, 1984ൽ സ്ഥാപിച്ച എസിസിയുടെ ബർമാനയിലെ ഈ സിമന്റ് പ്ലാന്റിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രദേശവാസികൾ ഹൈകോടതിയെ അടക്കം സമീപിച്ചിരുന്നു. സലപ്പർ, കാംഗു, ദെഹാർ പഞ്ചായത്തുകളിൽ വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടമായി പ്ലാന്റ് മാറിയതായും അർബുദം, ക്ഷയം, ആസ്ത്മ തുടങ്ങിയ രോഗങ്ങളാൽ വലിയൊരു വിഭാഗം ആളുകൾ വലയുന്നുണ്ടെന്നും ഗ്രാമവാസികൾ ആരോപിച്ചിരുന്നു. പ്ലാന്റിൽ നിന്നുയരുന്ന പുകയും പൊടിപടലങ്ങളും പ്രദേശത്തിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതായാണ് ഇവരുടെ പരാതി.

Tags:    
News Summary - Adani group opens Agniveer training centre at ACC, Barmana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.