ന്യൂഡൽഹി: ഇന്ത്യൻ കരസേനയിലെ ജവാൻന്മാർക്ക് ലോകോത്തര നിലവാരമള്ള അത്യാധുനിക ഹെൽമെറ്റ് ലഭിക്കുന്നു. സൈനിക ഒാപറേഷൻ സമയത്ത് ഒഴിച്ചുകൂടാനാവാത്ത ഹെൽമറ്റുകളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാൺപൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എം.കെ.യു ഇൻഡസ്ട്രീസ് എന്ന ഇന്ത്യൻ കമ്പനിയുമായാണ് പ്രതിരോധ വകുപ്പ് കരാറിലെത്തിയത്. 170 മുതൽ 180 കോടി വരെ ചെലവിൽ 1.58 ലക്ഷം ഹെൽമറ്റുകളാണ് കമ്പനി നിർമ്മിക്കുക. നിർമാണം ഉടൻ ആരംഭിക്കും. മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ ഹെൽമറ്റുകളും സേനക്ക് കൈമാറും. രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് സൈന്യം ഹെൽമറ്റ് വൻതോതിൽ വാങ്ങുന്നത്.
ലോകമെമ്പാടുമുള്ള സായുധസേനകൾക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും ഹെൽമറ്റുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനിയാണ് എം.കെ.യു ഇൻഡസ്ട്രീസ്. 9 എം.എം ബുള്ളറ്റിൻെറ ആഘാതം വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് പുതിയ ഹെൽമറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തെ പ്രമുഖ സായുധസേനകൾക്ക് ഇത്തരത്തിലുള്ള ഹെൽമറ്റുകളാണ് രൂപകൽപ്പന ചെയ്തിട്ടുള്ലത്. ഒരു ദശകത്തിലേറെയായി ഇന്ത്യൻ കരസേനയുടെ സ്പെഷൽ ടീം ഇസ്രയേലി OR201 എന്ന ഹെൽമറ്റാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാൻ സർക്കാർ ടാറ്റാ അഡ്വാൻസ്ഡ് മെറ്റീരിയൽസ് ലിമിറ്റഡുമായി കരാരിലേർപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.