ന്യൂഡൽഹി: കാർഷിക നിയമങ്ങൾ തിരിച്ചുകൊണ്ടുവരുമെന്ന കേന്ദ്രകൃഷിമന്ത്രിയുടെ പ്രസ്താവനയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാപ്പപേക്ഷയെ അപമാനിച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കൃഷിമന്ത്രി മോദിജിയുടെ മാപ്പപേക്ഷയെ അവഹേളിച്ചു. അത് അങ്ങേയറ്റം അപലപനീയമാണ്. ഇനിയും കർഷക വിരുദ്ധ നടപടികളുമായി മുന്നോട്ടുപോയാൽ വീണ്ടും അന്നദാതാക്കൾ സമരം നടത്തും. അഹംഭാവം നേരത്തേ പരാജയപ്പെട്ടു. ഇനിയും പരാജയപ്പെടും' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമെന്ന സൂചന നൽകി കഴിഞ്ഞദിവസമാണ് തോമർ രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ ഒരു ചടങ്ങിലായിരുന്നു വിവാദ പ്രസ്താവന. നിയമങ്ങൾ റദ്ദാക്കിയതിന് പിന്നിൽ ചില ആളുകളുടെ പ്രവർത്തനത്തിന്‍റെ ഫലമാണ്. സ്വാതന്ത്ര്യത്തിന് 70 വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ കാർഷിക നിയമങ്ങൾ വൻ വിപ്ലവമായിരുന്നുവെന്നും തോമർ പറഞ്ഞു.
ചിലർക്ക് നിയമങ്ങൾ ഇഷ്ടപ്പെട്ടില്ല. എന്നാൽ സർക്കാറിന് അതിൽ നിരാശയില്ല. ഒരു ചുവട് പിന്നോട്ടുവെച്ചെന്ന് മാത്രം. കർഷകർ രാജ്യത്തിന്‍റെ നട്ടെല്ലായതിനാൽ വീണ്ടും മുന്നോട്ടു ചുവടുവെയ്ക്കും -കൃഷിമന്ത്രി പറഞ്ഞു.
ലക്ഷകണക്കിന് കർഷകരുടെ ഒരുവർഷം നീണ്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി നവംബർ 23നാണ് കാർഷിക നിയമങ്ങൾ പിൻവലിച്ചത്. നവംബർ 19ന് പ്രധാനമന്ത്രി ഗുരു നാനാക് ജയന്തിയോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് മോദി മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ ചരിത്ര കാർഷിക സമരം കർഷക സംഘടനകൾ പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.