ഇന്ദ്രപ്രസ്ഥം വിടുന്നു; ആന്റണി 'അഞ്ജന'ത്തിലേക്ക്

ന്യൂഡൽഹി: അറക്കപ്പറമ്പിൽ കുര്യൻ ആന്റണി ഇന്ദ്രപ്രസ്ഥത്തിലെ കർമകാണ്ഡം പൂർത്തിയാക്കി നാട്ടിലേക്കുള്ള മടക്കയാത്രയുടെ ഒരുക്കത്തിൽ. ഈ മാസാവസാനം അദ്ദേഹം തിരുവനന്തപുരത്തെ സ്വന്തം വീടായ 'അജ്ഞന'ത്തിൽ തിരിച്ചെത്തും. പാർലമെന്റിൽനിന്നു മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലെ സജീവ പങ്കാളിത്തത്തിൽനിന്നുകൂടിയുള്ള വിടവാങ്ങലാണ് അത്. അധികാരരാഷ്ട്രീയത്തിന്റെ ഭാഗമല്ലാതെ, ഇനിയുള്ള കാലം കേരളത്തിൽ പ്രവർത്തിക്കാനാണ് തീരുമാനം.

പ്രവർത്തനനിരതമായൊരു കാലം പിന്തള്ളിയാണ് കേരളത്തിലേക്കുള്ള മടക്കം. ശനിയാഴ്ചയാണ് സാങ്കേതികമായി രാജ്യസഭയിലെ കാലാവധി പൂർത്തിയാവുന്നത്. രാജ്യസഭയിലെ ഔപചാരിക യാത്രയയപ്പ് വേളയിൽ പങ്കെടുത്ത്, അതിനു രണ്ടു ദിവസം മുമ്പേ അദ്ദേഹം പാർലമെന്റിന്റെ പടവുകൾ ഇറങ്ങി. രണ്ടാം തവണയും കോവിഡ് വന്നുപോയതിന്റെ ക്ഷീണംമൂലം അവസാന പ്രവൃത്തി ദിവസം പാർലമെന്റിൽ പോയില്ല. യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കാനും നിന്നില്ല.

81ലെത്തിയ തനിക്ക് പാർലമെന്റിൽ ഇനിയൊരു ഊഴം വേണ്ടെന്ന് ആന്റണി നേരത്തേതന്നെ ഉറപ്പിച്ചിരുന്നു. വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കത്തിലൂടെ അറിയിച്ചു. 'പുതിയ ആളുകൾ വരട്ടെ. എനിക്ക് വയസ്സായി. ആരോഗ്യവും മെച്ചമല്ല' -ഇന്ദ്രപ്രസ്ഥം വിട്ട് നാട്ടിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് വിശദീകരണം അങ്ങനെയൊക്കെയാണ്.

2005 മുതൽ 17 വർഷം തുടർച്ചയായി രാജ്യസഭാംഗമായിരുന്ന ശേഷമുള്ള വിടവാങ്ങലാണ് ആന്റണിയുടേത്. അതിനുമുമ്പ് 1985, 1995 വർഷങ്ങളിലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിപദം രാജിവെച്ചതിനു പിന്നാലെ സോണിയ ഗാന്ധിയുടെ താൽപര്യപ്രകാരമാണ് ആന്റണി ഡൽഹിയിലേക്ക് രാഷ്ട്രീയ ജീവിതം പറിച്ചുനട്ടത്.

രാജ്യസഭാംഗമായി തുടർന്നതിനിടയിൽ മറ്റു പലതിനുമൊപ്പം, കൂടുതൽ കാലം പ്രതിരോധമന്ത്രിയായിരുന്നതിന്റെ ചരിത്രവും ആന്റണി കോറിയിട്ടു. കോൺഗ്രസിന്റെ നിർണായകമായ എല്ലാ തീരുമാനങ്ങൾക്കു പിന്നിലും നെഹ്റുകുടുംബത്തിന്റെ ഉപദേശകനായി പ്രവർത്തിച്ചു.

യു.പി.എയുടെ സുവർണ കാലത്ത്, പ്രണബ് മുഖർജിക്കുശേഷം അടുത്ത രാഷ്ട്രപതി സ്ഥാനാർഥിയെന്ന നിലയിൽ പരിഗണിക്കപ്പെട്ട ആദർശ വ്യക്തിത്വമാണ് ആന്റണി. ഒക്കെയും ചരിത്രമാക്കി ഡൽഹി ജന്തർമന്തർ റോഡിലെ രണ്ടാം നമ്പർ വസതിയിൽ ആന്റണി, എലിസബത്ത്, അനിൽ, അജിത് എന്നിവരടങ്ങുന്ന കുടുംബം ഒരു മടക്കയാത്രയുടെ മുന്നൊരുക്കങ്ങളിലാണ്.

Tags:    
News Summary - AK Antony leaving Delhi; coming to own home anjanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.