ന്യൂഡൽഹി: കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തെറ്റ് ആവർത്തിക്കാതെ കോൺഗ്രസുമായുള്ള സഖ്യം ഒഴിവാക്കി ചെറുപാർട്ടികളുടെ മഴവിൽ മുന്നണിയുണ്ടാക്കി നീങ്ങാനുള്ള ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതാണ് അവിടത്തെ സംഭവവികാസങ്ങൾ. കിഴക്കൻ യു.പിയിലെ ഏറ്റവും പ്രമുഖ ഒ.ബി.സി നേതാവിനെ ബി.ജെ.പിയിൽനിന്ന് തന്റെ പാളയത്തിലേക്ക് എത്തിക്കുന്നതിൽ വിജയിച്ച അഖിലേഷിന് പിന്തുണയുമായി ശരത് പവാറിന്റെ എൻ.സി.പിയും രംഗത്തുവന്നു.
പ്രതിപക്ഷ കക്ഷികൾ വേറിട്ട് മത്സരിക്കുന്ന ഉത്തർപ്രദേശിൽ മത്സരം ബി.ജെ.പിയും എസ്.പിയും നേരിട്ടാണെന്ന് വരുത്തുന്നതാണ് ശരത് പവാറിന്റെ പിന്തുണ. ബംഗാളിലേതുപോലെ ലഖ്നോയിൽ വന്ന് നടത്തിയ വാർത്തസമ്മേളനത്തിലാണ് ശരത് പവാർ സമാജ്വാദി പാർട്ടിക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.
യു.പിയിൽ എസ്.പിക്ക് അനുകൂലമായ മാറ്റം ദൃശ്യമാണെന്നും സ്വാമി പ്രസാദ് മൗര്യയുടെ രാജി തുടക്കമാണെന്നും 13 എം.എൽ.എമാരെങ്കിലും എസ്.പിയിലേക്ക് വരാനിരിക്കുകയാണെന്നും ശരത് പവാർ പറഞ്ഞു. യു.പിയിലെ കാറ്റിന്റെ ഗതി മനസ്സിലാക്കിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ബി.എസ്.പിയിൽനിന്ന് ബി.ജെ.പിയിലേക്ക് മാറിയ മന്ത്രി സ്വാമി പ്രസാദ് മൗര്യ ഈ തെരഞ്ഞെടുപ്പിൽ എസ്.പിയോട് അടുത്തത്.
സ്വാമി പ്രസാദ് മൗര്യക്കും അദ്ദേഹത്തോടൊപ്പം സമാജ്വാദി പാർട്ടിയിലേക്ക് വന്ന എല്ലാ നേതാക്കൾക്കും അനുയായികൾക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് ട്വീറ്റ് ചെയ്ത അഖിലേഷ് യാദവ് മൗര്യക്കൊപ്പമുള്ള ചിത്രവും പുറത്തുവിട്ടു.
അവസാന തീരുമാനത്തിന് കാത്തിരിക്കണമെന്ന് സ്വാമി പ്രസാദ് മൗര്യ പറഞ്ഞപ്പോഴായിരുന്നു അഖിലേഷിന്റെ ട്വീറ്റ്. തങ്ങളുടെ സമുദായത്തിന് ബി.ജെ.പിയിൽ പ്രാതിനിധ്യവും ആദരവും ലഭിക്കുന്നില്ലെന്ന് പരസ്യമായി പറഞ്ഞാണ് സ്വാമി പ്രസാദ് മൗര്യയുടെ ഏറ്റവും അടുത്ത എം.എൽ.എയായ പട്ടിക ജാതി നേതാവ് ഭഗവതി സാഗർ ബി.ജെ.പിയിൽനിന്ന് രാജിവെച്ചത്. മതിയായ പ്രാതിനിധ്യം എസ്.പിയിൽ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
കാൻഷിറാം 1984ൽ ബഹുജൻ സമാജ് പാർട്ടി ഉണ്ടാക്കിയപ്പോൾ ആദ്യദിവസംതന്നെ അംഗത്വമെടുത്ത സാഗർ മൂന്ന് പ്രാവശ്യം മന്ത്രിയായിരുന്നു. കാൺപൂരിലെ ബിൽഹോർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് ഇദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ ബി.ജെ.പി ഒരിക്കലും ജയിക്കാതിരുന്ന മണ്ഡലമാണിത്. 25,000 വോട്ടു മാത്രം ബി.ജെ.പിക്ക് കിട്ടിക്കൊണ്ടിരുന്ന ബിൽേഹാറിൽ ഭഗവതി സാഗർ ഒരു ലക്ഷത്തിലേറെ വോട്ട് നേടിയാണ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.