ഇംഫാല്: കുക്കി വിഭാഗത്തിന് നേരെ നടന്ന പൊലീസ് വെടിവെപ്പിന് പിന്നാലെ വീണ്ടും സംഘർഷാത്മകമായ മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നുദിവസ സന്ദർശനത്തിനെത്തി. ഇന്നലെ എത്തിയ അദ്ദേഹം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സമാധാനശ്രമത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളുമായി അമിത് ഷാ സംസാരിക്കും
ഭീകരരെന്ന് പറഞ്ഞ് നാൽപതോളം കുക്കി ഗോത്രവർഗക്കാരെ വെടിവെച്ചു കൊന്നതോടെ മണിപ്പൂരിൽ സ്ഥിതി സ്ഫോടനാത്മകമായിട്ടുണ്ട്. തലസ്ഥാനമായ ഇംഫാലിൽ ഉൾപ്പെടെ കർഫ്യൂ ഏർപ്പെടുത്തി. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ കലാപത്തിന് ഇടയാക്കുന്നു എന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് മണിപ്പൂർ സർക്കാർ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാറിൽനിന്ന് തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും പ്രത്യേക ഭരണപ്രദേശം വേണമെന്നും കുക്കി ഗോത്രസമൂഹം കടുത്ത ഭാഷയിൽ ആവശ്യമുന്നയിച്ചു. മെയ്തേയ് വിഭാഗക്കാരെ ആക്രമിക്കാൻ പദ്ധതിയിട്ട ‘കുക്കി സായുധ ഭീകരരെ’യാണ് സുരക്ഷസേന കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ, മെയ്തേയ് ആക്രമണം ചെറുക്കാൻ തങ്ങളുടെ മേഖലയിൽ കാവൽനിന്നവരെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുക്കി വിഭാഗം ആരോപിക്കുന്നത്.
ഇതിനിടെ, കഴിഞ്ഞ ദിവസം കുക്കി വിഭാഗത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്നു പേർ കൂടി മരിച്ചതായും മരണസംഖ്യ അഞ്ചായതായും അധികൃതർ പറഞ്ഞു. ഇംഫാൽ താഴ്വരയിലും സമീപ ജില്ലകളിലുമായി 25 ഓളം സായുധസംഘാംഗങ്ങളെ പിടികൂടിയതായും അർധസൈനിക വിഭാഗം തിരച്ചിൽ തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച അറിയിച്ചു.
ഇംഫാൽ ഈസ്റ്റ് ജില്ലയിൽനിന്ന് പിടികൂടിയ മൂന്നംഗസംഘത്തിൽനിന്ന് ചൈനീസ് നിർമിത ഗ്രനേഡ് അടക്കമുള്ള ആയുധങ്ങൾ പിടിച്ചതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്.
അതേസമയം, വൻ സുരക്ഷാസന്നാഹം ഏർപ്പെടുത്തിയിട്ടും അക്രമസംഭവങ്ങൾ അരങ്ങേറുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. മേയ് മൂന്നിനു ശേഷം മെയ്തേയ്-കുക്കി സംഘർഷം യുദ്ധസമാനമായി തുടരവെ, ബിരേൻ സിങ് മെയ്തേയ് താൽപര്യങ്ങൾക്കുവേണ്ടി മാത്രം നിലകൊള്ളുന്നയാളാണെന്ന് സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനെ പിന്തുണക്കുന്ന കുക്കി വിഭാഗം എം.എൽ.എ കുറ്റപ്പെടുത്തി.
‘‘ഒരേ സംസ്ഥാനത്ത് മെയ്തേയികൾക്കൊപ്പം ജീവിക്കാൻ ഇനി കുക്കി ജനതക്ക് സാധിക്കില്ല. ഞങ്ങളുടെ വിഭാഗത്തിന് പുതിയ സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ അനിവാര്യമായിരിക്കുകയാണ്’’ -കുക്കി പീപ്ൾസ് അലയൻസ് ജനറൽ സെക്രട്ടറി വിൽസൺ ലാലം ഹാങ്ഷിങ് പറഞ്ഞു. തങ്ങളെ കൊലപ്പെടുത്താനും വീടുകൾ തീവെക്കാനുമായി മെയ്തേയ് വിഭാഗത്തിന് സംരക്ഷണം നൽകുന്ന ജോലിയാണ് സംസ്ഥാന പൊലീസ് കമാൻഡോ വിഭാഗം ചെയ്യുന്നതെന്ന് അഭയാർഥി ക്യാമ്പിൽ കഴിയുന്ന മങ്താങ് ഹോക്കിപ് എന്ന കർഷകൻ ‘ദി വയർ’ വാർത്താ പോർട്ടലിനോട് പറഞ്ഞു. സംസ്ഥാന പൊലീസ് എന്നത് തങ്ങളെ സംബന്ധിച്ച് ആക്രമിക്കാൻ വരുന്ന ആൾക്കൂട്ടമായി മാറിയെന്നും ഹോക്കിപ് ആരോപിച്ചു.
ഇതിനിടെ, തങ്ങൾക്ക് സംരക്ഷണം നൽകുന്നതിൽ ബിരേൻ സിങ് ഭരണകൂടം പരാജയപ്പെട്ടതായി ഒരു വിഭാഗം മെയ്തേയ് സമുദായംഗങ്ങളും ആരോപിച്ചു. സർക്കാർ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മമാർ അടക്കമുള്ളവർ ഇംഫാൽ താഴ്വരയുടെ പല ഭാഗങ്ങളിലും റോഡ് ഉപരോധിക്കുകയുണ്ടായി.
മണിപ്പൂർ സംഘർഷം സംസ്ഥാന സർക്കാറിനും മെയ്തേയ് വിഭാഗത്തിനും അനുകൂലമായി മാത്രം റിപ്പോർട്ട് ചെയ്യുകയാണ് ഭൂരിഭാഗം ദേശീയ മാധ്യമങ്ങളെന്ന് വിവിധ ഗോത്ര വിദ്യാർഥി സംഘടനകൾ ആരോപിച്ചു. വീണ്ടും വംശീയ സംഘർഷമുണ്ടായ സാഹചര്യത്തിൽ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധിസംഘം രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി. ചൊവ്വാഴ്ച കൂടിക്കാഴ്ച അനുവദിക്കാനാണ് ആവശ്യപ്പെട്ടതെന്ന് ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.