ന്യൂഡൽഹി: വിവാദ പരാമർശത്തെ തുടർന്ന് രാജിവെച്ച സാം പിത്രോദയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് വീണ്ടും നിയമിച്ച കോൺഗ്രസ് നടപടിയെ രൂക്ഷമായി വിമർശിച്ച് തെലുഗുദേശം പാർട്ടി. സാം പിത്രോദക്ക് രാഷ്ട്രീയ പദവി നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ടി.ഡി.പി ചിറ്റൂർ എം.പി പ്രസാദ് റാവു ഡി മാധ്യമങ്ങളോട് പറഞ്ഞു. വംശീയ പരാമർശങ്ങളാണ് പിത്രോദ നടത്തിയതെന്നും പ്രസാദ് റാവു ചൂണ്ടിക്കാട്ടി.
പിത്രോദയുടെ നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പിത്രോദയെ തിരികെ കൊണ്ടുവന്ന കോൺഗ്രസ് ഇന്ത്യയെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ വൈവിധ്യം തൊലിനിറം അടിസ്ഥാനപ്പെടുത്തി വിശദീകരിക്കാൻ ശ്രമിച്ചാണ് സാം പിത്രോദ വെട്ടിലായത്. പിത്രോദയുടെ വിവാദ പരാമർശം കോൺഗ്രസ് തള്ളിപ്പറഞ്ഞിരുന്നെങ്കിലും ഇത് നരേന്ദ്ര മോദി അടക്കം ബി.ജെ.പി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പിത്രോദ അധ്യക്ഷ പദവി രാജിവെച്ചത്.
സ്റ്റേറ്റ്സ് മാൻ ദിനപത്രത്തിന് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായത്. ഇന്ത്യയുടെ കിഴക്കുള്ളവരെ കണ്ടാൽ ചൈനക്കാരെപ്പോലെ, പടിഞ്ഞാറുള്ളവർ അറബികളെപ്പോലെ, വടക്കുള്ളവർ വെള്ളക്കാരെപ്പോലെ, തെക്കേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ എന്നിങ്ങനെയാണ് പിത്രോദ ഉപമിച്ചത്.
പിത്രോദയുടെ പരാമർശങ്ങൾ നേരത്തെയും വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. അമേരിക്കയിലെ പാരമ്പര്യ സ്വത്ത് നികുതി നല്ല മോഡലാണെന്ന പിത്രോദയുടെ പരാമർശം മോദി തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ വിഷയമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.