'അമിത് ഷായുടെ മഫ്ലറിന് 80,000 രൂപ'; രാഹുൽ ഗാന്ധിയെ വിമർശിച്ച ബി.ജെ.പിക്ക് മറുപടിയുമായി അശോക് ഗെഹ്ലോട്ട്

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വാക്ക്പോര് തുടരുകയാണ്. പര്യടനത്തിൽ രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിന്‍റെ വിലയെ ചൊല്ലിയായിരുന്നു കഴിഞ്ഞദിവസം ഇരുവരും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചത്.

41000 രൂപയുടെ ടി ഷര്‍ട്ടാണ് രാഹുൽ ധരിച്ചതെന്നും രാജ്യം ഇതു കാണുന്നുണ്ടെന്നുമാണ് ബി.ജെ.പി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചത്. രാഹുല്‍ ധരിക്കുന്നത് വിദേശ നിര്‍മിത ടി ഷര്‍ട്ടാണെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തുവന്നിരുന്നു. അമിത് ഷാക്കും ബി.ജെ.പിക്കും അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.

അമിത് ഷായുടെ മഫ്ലറിന് 80,000 രൂപ വിലയുണ്ടെന്നും രണ്ടര ലക്ഷം രൂപയുടെ സൺ ഗ്ലാസുകളാണ് ബി.ജെ.പി നേതാക്കൾ ധരിക്കുന്നതെന്നും ഗെഹ്ലോട്ട് തുറന്നടിച്ചു. 'ഭാരത് ജോഡോ യാത്രക്ക് ജനങ്ങളിൽനിന്ന് ലഭിക്കുന്ന അസാധാരണമായ പ്രതികരണം ബി.ജെ.പിയെ വിറളിപിടിപ്പിക്കുകയാണ്. ഭാരത് ജോഡോ യാത്രയുമായി അവർക്ക് എന്ത് പ്രശ്നമാണുള്ളത്? രണ്ടര ലക്ഷത്തിന്‍റെ സൺ ഗ്ലാസും 80,000 രൂപയുടെ മഫ്ലറും ധരിക്കുന്നവരാണ് രാഹുലിന്‍റെ ടി ഷർട്ടിനെ കുറിച്ച് സംസാരിക്കുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രിയുടെ മഫ്ലറിന് 80,000 രൂപ വിലയുണ്ട്' -ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ടി ഷർട്ടിന്‍റെ പേരിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണ്. യാത്രക്ക് ലഭിക്കുന്ന അസാധാരണ പ്രതികരണം ബി.ജെ.പിയെ ഭയപ്പെടുത്തുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റു നേതാക്കളും അവരുടെ ജോലികൾ ഒഴിവാക്കിയാണ് രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നതെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.

Tags:    
News Summary - Ashok Gehlot on BJP's ‘T-shirt’ barb at Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.