ഗുവാഹതി: മൂന്നു പതിറ്റാണ്ട് അതിർത്തി കാത്ത സൈനികനോട് ഒടുവിൽ രാജ്യം പറഞ്ഞു, നിങ്ങൾ ഇന്ത്യക്കാരനല്ല! അസം പൗരത്വപ്പട്ടിക നീട്ടിപ്പിടിച്ചാണ് അധികൃതർ പറയുന്നത്, 30 വർഷം മഴയും വെയിലും കൊണ്ട്് രാജ്യാതിർത്തി കാത്ത മുഹമ്മദ് അസ്മൽ ഹഖ് എന്ന സൈനികൻ സംശയിക്കപ്പെടുന്ന അനധികൃത പൗരനാണെന്ന്. ലോകത്ത് ഒരു സൈനികനും വന്നുചേരാത്ത ഈ ദുർഗതി 2016 സെപ്റ്റംബർ 30ന് സൈന്യത്തിൽനിന്ന് വിരമിച്ച ഗുവാഹതി സ്വദേശിക്കാണ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഫോറിൻ ൈട്രബ്യൂണൽ പൗരത്വം തെളിയിക്കാൻ സൈന്യത്തിൽ ജൂനിയർ കമീഷൻഡ് ഒാഫിസറായ ഹഖിനോട് ആവശ്യപ്പെട്ടത്. രണ്ടാമത്തേതും അന്തിമവുമായ കരട് പട്ടികയിൽ പേരില്ലാത്തതിനെ തുടർന്നായിരുന്നു ഇത്. ‘സംശയിക്കപ്പെടുന്ന വോട്ടർ’ എന്ന വിഭാഗത്തിലാണ് അസമിലെ അനധികൃത കുടിയേറ്റ ട്രൈബ്യൂണൽ ഹഖിനെ ഉൾപ്പെടുത്തിയത്. അതായത്, 1972 മാർച്ച് 21നുശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തിയതെന്ന്.
താൻ അസമീസ് വംശജനാണെന്നും തെൻറ പൗരത്വം പരിശോധിക്കപ്പെട്ടതാണെന്നും അദ്ദേഹം ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. 1966ലെ വോട്ടർപട്ടികയിൽ തെൻറ പിതാവിെൻറ പേരുൾപ്പെട്ടതും 1951ലെ പൗരത്വപ്പട്ടികയിൽ മാതാവിെൻറ പേരുൾപ്പെട്ടതും ഹഖ് ചൂണ്ടിക്കാട്ടിയിരുന്നു. 2012ൽ സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് രേഖകൾ സമർപ്പിച്ചതും ഇന്ത്യൻ പൗരത്വം തെളിയിക്കപ്പെട്ടതുമായിരുന്നു. തന്നെ ഇത്തരത്തിൽ അപമാനിക്കുന്നതിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും ഹഖ് ആവശ്യപ്പെട്ടിരുന്നു.
‘‘ആറു മാസത്തെ പരിശീലനത്തിനുശേഷം രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ ഞാൻ കരസേന സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്. പഞ്ചാബിലെ കേംകാരൻ സെക്ടറിലെ നിയന്ത്രണരേഖയിൽ, ഇന്ത്യ- ചൈന അതിർത്തിയിലെ തവാങ്ങിലെ കലൈഗാവിൽ, ലഖ്നോയിൽ, കോട്ടയിൽ, സെക്കന്തരാബാദിൽ...’’ -ഹഖ് പറഞ്ഞു. സംഭവം വിവാദമായതിനെ തുടർന്ന് ട്രൈബ്യൂണലിേൻറത് പിഴവാണെന്നും മുൻ സൈനികന് വേണ്ട സഹായം ചെയ്യുമെന്നും സൈന്യത്തിെൻറ ഈസ്റ്റേൺ കമാൻഡും അറിയിച്ചിരുന്നു. എന്നാൽ, അന്തിമ കരട് പട്ടിക പുറത്തുവന്നപ്പോൾ ഹഖ് പുറത്തുതന്നെയാണ്.
കരസേനയുടെ കമ്പ്യൂട്ടർ, നെറ്റ്വർക്കിങ് സംഘങ്ങളിലാണ് സർവിസിലുടനീളം ഹഖ് ജോലി ചെയ്തത്. ഇതിനുള്ള രേഖകളെല്ലാം ഒാൺലൈനായിതന്നെ ലഭ്യമായിരിക്കെയാണ് ഹഖ് പൗരത്വപ്പട്ടികയിൽ നിന്ന് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.