ഗുവാഹതി: ബി.ജെ.പി വീണ്ടും അധികാരത്തിലേറിയ അസമിൽ മുസ്ലിം ജനസംഖ്യ കുറക്കാൻ 'ജനസംഖ്യ പട്ടാള'ത്തിന് ചുമതല നൽകി സർക്കാർ. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഗർഭനിരോധന ഉറകൾ വിതരണം ചെയ്തും ബോധവത്കരണം നടത്തിയും ജനസംഖ്യ വർധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി 'ജനസംഖ്യ പട്ടാളം' സജീവമാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് നിയമസഭയിൽ അറിയിച്ചു. ലോവർ അസമിലാണ് 1,000 പേരടങ്ങുന്ന സേനയെ പ്രയോജനപ്പെടുത്തുക. നേരത്തെ മുസ്ലിംകകൾക്ക് ക്ഷേമപദ്ധതികൾ ലഭിക്കാൻ രണ്ടുകുട്ടികൾ കൂടരുതെന്ന നിയമം നിർബന്ധമാക്കി വിവാദം സൃഷ്ടിച്ച സർക്കാർ കടുത്ത നടപടികൾ തുടരുന്നതിന്‍റെ ഭാഗമാണ് പുതിയ നീക്കം. സഭയിൽ കോൺഗ്രസ് അംഗം ശർമാൻ അലിയുടെ ചോദ്യങ്ങൾക്ക് മറുപടിയിലാണ് മുസ്ലിം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജനസംഖ്യ കുറക്കൽ യജ്ഞം ആരംഭിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചത്.
അസമിന്‍റെ പശ്ചിമ, മധ്യ മേഖലകളിൽ ജനസംഖ്യ വിസ്ഫോടനമാണ് നടക്കുന്നതെന്ന് ഹിമന്ത പറഞ്ഞു. ''1,000 യുവാക്കളെ ജനസംഖ്യ ബോധവത്കരണത്തിനും ഗർഭനിരോധന ഉറകൾ വിതരണത്തിനുമായി ചുമതലപ്പെടുത്തും. ഇതേ ദൗത്യവുമായി പ്രത്യേക 'ആശ വർകർമാരുടെ' വിഭാഗവും സജ്ജമാകും. 2001 മുതൽ 2011 വരെ ഹിന്ദുക്കളിൽ ജനസംഖ്യ വർധന 10 ശതമാനമാണെങ്കിൽ മുസ്ലിംകളിൽ അത് 29 ശതമാനമാണ്. ഹിന്ദുക്കളിൽ നേരത്തെ 16 ശതമാനമായിരുന്നതാണ് കുറഞ്ഞത്. ഇത് അസമിലെ മുസ്ലിംകളിൽ പട്ടിണിയും കടുത്ത സമ്മർദവും സൃഷ്ടിക്കുന്നുണ്ട്. ജനസംഖ്യ ചെറുതായതിനാൽ, ഹിന്ദുവിന്‍റെ മക്കൾ മികച്ച സ്കൂളുകളിലും കോളജുകളിലും പഠിക്കുന്നു, പലരും ഡോക്ടർമാരും എഞ്ചിനിയർമാരുമായി. സമ്മർദം കടുത്തതോടെ മുസ്ലിംകൾ വനമേഖലകളിലും സർക്കാർ ഭൂമികളിലും താമസിക്കുന്നിടെത്തത്തി. ഇത് തർക്കങ്ങൾക്കിടയാക്കുന്നു''- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
''നിരവധി മുസ്ലിം പെൺകുട്ടികൾ 18-19 വയസ്സാകുേമ്പാഴേക്ക് മൂന്ന്, നാല് കുട്ടികളുടെ അമ്മയാകുന്നു. വിദ്യാഭ്യാസമില്ലാത്ത നിരവധി മുസ്ലിം യുവതികൾ മനുഷ്യക്കടത്തുസംഘങ്ങളുടെ പിടിയിലാകുന്നു. ഇവരെ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ലൈംഗിക വ്യാപാരത്തിന് ഉപയോഗപ്പെടുത്തുകയാണ്''- ഹിമന്ത തുടർന്നു.
മുസ്ലിംകളിൽ ജനസംഖ്യ നിയന്ത്രണം വരുത്തി പട്ടിണിയും നിരക്ഷരതയും ഭൂമി പ്രതിസന്ധിയും ഇല്ലാതാക്കുകയും അവർക്ക് ഉപജീവനം നൽകുകയുമാണ് ലക്ഷ്യമെന്നും ഈ മേഖലകളിൽ പുതുതായി ഒമ്പത് കോളജുകൾ അനുവദിച്ചിട്ടുണ്ടെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപുവരുത്താൻ അതിലേറെ സ്ഥാപനങ്ങൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർബന്ധിതമല്ലാതെയെന്ന് പറയുന്ന വന്ധ്യംകരണവും രണ്ടുകുട്ടികളിൽ കൂടരുതെന്ന നിയമം കർശനമായി നടപ്പാക്കലുമുൾപെടെ സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ കടുത്ത നടപടികളുമായി മുന്നോട്ടാണ്. അയൽസംസ്ഥാനമായ യു.പിയും ഇതേ മാതൃക പിൻപറ്റാനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.