ന്യൂഡൽഹി: 230 അംഗ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യപട്ടികയിൽ 144 സ്ഥാനാർഥികൾ. കഴിഞ്ഞതവണ അധികാരത്തിലേറിയ കമൽനാഥ് സർക്കാറിനെ അട്ടിമറിച്ച് മുഖ്യമന്ത്രിയായ ശിവ് രാജ് സിങ് ചൗഹാനെ മസ്തൽ ബുധ്നി മണ്ഡലത്തിൽ രാമായണം സീരിയലിൽ ഹനുമാനായി അഭിനയിച്ച നടൻ വിക്രം മസ്തൽ നേരിടും.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്ന മുൻ മുഖ്യമന്ത്രി കമൽനാഥ് ചിന്ത്വാഡയിൽ മത്സരിക്കും. മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെ മകൻ ജയ്വർധൻ സിങ് രാഘോഗഢിലും സഹോദരൻ ലക്ഷ്മൺ സിങ് ചാചൗരയിലും മത്സരിക്കും. അഞ്ച് തവണ ചൗഹാനൊപ്പം നിന്ന മണ്ഡലമായ ബുധ്നിയിൽ മത്സരിക്കുന്ന വിക്രം മസ്തൽ ഇക്കഴിഞ്ഞ ജൂലൈയിലാണ് കോൺഗ്രസിൽ ചേർന്നത്.
കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന കണക്കുകൂട്ടലിലാണ് ഹിന്ദുത്വവോട്ടുകൾ കൂടി ലക്ഷ്യമിട്ട് കോൺഗ്രസ് സീരിയലിലെ ഹനുമാനെ രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പി നേതൃത്വം നിർബന്ധിച്ച് മത്സര രംഗത്തിറക്കിയ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യക്കെതിരെ സഞ്ജയ് ശുക്ലയാണ് കോൺഗ്രസ് സ്ഥാനാർഥി.
രാജ്യത്ത് ഏറ്റവും കൂടുതൽ ആദിവാസികളുള്ള സംസ്ഥാനമായ മധ്യപ്രദേശിൽ കോൺഗ്രസിന്റെ ആദ്യപട്ടികയിലുള്ള 30 സീറ്റുകൾ പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്. 22 പട്ടികജാതി മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പട്ടികയിലുണ്ട്.
കോൺഗ്രസ് വിജയത്തിന് സജ്ജമായെന്ന് തെളിയിക്കുന്ന സ്ഥാനാർഥികളാണെന്നും മധ്യപ്രദേശിൽ ഇനി ബി.ജെ.പിക്ക് ഒന്നും ബാക്കി വെച്ചിട്ടില്ലെന്നും ആദ്യ പട്ടിക പുറത്തുവിട്ടശേഷം കമൽനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാർഥികളിൽ 65 പേർ 50 വയസ്സിന് താഴെയുള്ളവരും 19 വനിതകളുമാണ്.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് പട്ടേൽ, ഫഗ്ഗൻ സിങ് കുലസ്തെ, പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗ്യ തുടങ്ങിയ മുതിർന്നനേതാക്കൾ അടക്കം 136 സ്ഥാനാർഥികളെയാണ് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്. നവംബർ 17നാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.