'ഞാനും മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നുള്ളയാൾ, അവരുടെ പ്രയാസങ്ങൾ അറിയാം'

ന്യൂഡൽഹി: താനും മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നുള്ളയാളാണെന്നും, അതുകൊണ്ടുതന്നെ മധ്യവർത്തി കുടുംബങ്ങളുടെ പ്രയാസങ്ങൾ അറിയാമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. മോദി സർക്കാർ പുതിയ നികുതികൾ ഒന്നും ജനങ്ങൾക്ക് മേൽ ചുമത്തിയിട്ടില്ലെന്നും നിരവധി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

'ഞാൻ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നുള്ളയാളാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രയാസങ്ങളും സമ്മർദങ്ങളും അറിയാം. മിഡിൽ ക്ലാസിന് മുകളിൽ ഒരു നികുതിയും ഞങ്ങൾ പുതിയതായി ചുമത്തിയിട്ടില്ല. അഞ്ച് ലക്ഷം വരെ നികുതിയിളവ് നൽകി. 27 നഗരങ്ങളിൽ മെട്രോ ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്. ഇത് മിഡിൽ ക്ലാസിന് വേണ്ടിയാണ്. മിഡിൽ ക്ലാസ് ജനങ്ങൾ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് മാറുകയാണ്. 100 സ്മാർട്ട് സിറ്റികൾക്ക് ഫണ്ട് അനുവദിച്ചിരിക്കുകയാണ്. എല്ലാ മിഡിൽ ക്ലാസ് ജനങ്ങളുടെയും കീശയിൽ പണം ഇട്ടുനൽകിയിട്ടില്ല. എന്നാൽ, സ്മാർട്ട് സിറ്റി, മെട്രോ ട്രെയിൻ, കുടിവെള്ള വിതരണം... ഇവയിൽ നിന്നെല്ലാം നേട്ടമല്ലേ. ഇനിയുമേറെ മിഡിൽ ക്ലാസിനായി ചെയ്യാനാകും' -സംഘ്പരിവാർ പ്രസിദ്ധീകരണമായ പാഞ്ചജന്യക്ക് നൽകിയ അഭിമുഖത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

ഈ വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ധനമന്ത്രി. 2024ൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാകുമിത്.

Tags:    
News Summary - Aware of middle class issues: Finance Minister Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.