മുംബൈ: നീലചിത്ര നിർമാണ വിതരണകേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ ജാമ്യത്തിനായി നീക്കം. മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യഹരജി ഫയൽ ചെയ്തു.
വ്യക്തമായ തെളിവുകളില്ലാതെ കേസിൽ തന്നെ ബലിയാടാക്കുകയാണെന്നും മുംബൈ പൊലീസ് തനിക്കെതിരായ അന്വേഷണം പ്രായോഗികമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ഹരജി അപേക്ഷയിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രക്കും മറ്റു മൂന്നുപേർക്കുമെതിരെ ക്രൈം ബ്രാഞ്ച് ഉപകുറ്റപത്രം സമർപ്പിച്ചിരുന്നു. നീലചിത്രം നിർമിച്ച് മൊബൈൽ ആപ്ലിക്കേഷനുകളായ ഹോട്ട്ഷോട്ട്, ബോളിഫെയിം എന്നിവയിലൂടെ വിതരണം ചെയ്തുവെന്നുമാണ് ഇവർക്കെതിരായ കേസ്.
ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെടെ ഒമ്പതുപേരിൽ എട്ടുപേർക്കും ജാമ്യം ലഭിച്ചതായും തുല്യതയുടെ അടിസ്ഥാനത്തിൽ തനിക്കും ജാമ്യം ലഭിക്കണമെന്നും അഭിഷാകനായ പ്രശാന്ത് പട്ടീൽ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു.
ആദ്യകുറ്റപത്രത്തിൽ ഹോട്ട്ഷോട്ടുമായുള്ള തന്റെ ബന്ധം വിവരിക്കുന്ന തെളിവുകൾ ഒരംശം പോലുമില്ലെന്നും ഹരജിയിൽ പറയുന്നു. കൂടാതെ മതിയായ തെളിവുകളില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പ്രചോദിത അന്വേഷണമാണ് നടക്കുന്നതെന്നും അതിൽ അനുബന്ധ കുറ്റപത്രം ഫയൽ ചെയ്തതായും പറയുന്നു.
സമൂഹത്തിൽ ആഴത്തിൽ വേരുള്ള വ്യക്തിയെന്ന നിലയിലും ഇന്ത്യക്കാരെനന്ന നിലയിലും ഹോട്ട്ഷോട്ട്, ബോളിഫെയിം എന്നീ കമ്പനികളുമായി 10 മാസം മാത്രം ചേർന്നു പ്രവർത്തിക്കുകയാണ് ചെയ്തത്. അനുബന്ധ കുറ്റപത്രത്തിൽ നീലചിത്രം ഷൂട്ട് ചെയ്തിരുന്ന ഒരു സ്ഥലത്തുപോലും കുന്ദ്രയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി വ്യക്തമാക്കുന്നില്ലെന്നും ഹരജിയിൽ പറയുന്നു. തിങ്കളാഴ്ച കുന്ദ്രയുടെ ജാമ്യഹരജി കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.