ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ പ്രജ്വൽ രേവണ്ണ എം.പിയുടെ മാതാവ് ഭവാനി രേവണ്ണ ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്യാൻ എത്തുംമുമ്പേ വീട്ടിൽനിന്ന് മുങ്ങി.
ഹാസൻ ജില്ലയിൽ ഹൊളെനരസിപുരിലെ വീട്ടിൽ രാവിലെ 10ന് എസ്.ഐ.ടി മുമ്പാകെ ഹാജരാവണമെന്ന് വെള്ളിയാഴ്ച ഭവാനിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഘം രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ കാത്തിരുന്നെങ്കിലും അവരെ കണ്ടെത്താനായില്ല. വിവരവും അറിയിച്ചില്ല.
പ്രജ്വൽ രേവണ്ണയും പിതാവ് മുൻ മന്ത്രിയും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയും ലൈംഗികാതിക്രമം കാണിച്ചെന്ന് പരാതി നൽകിയ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂട്ടുപ്രതിയാണ് ഭവാനി. അതിജീവിതയുടെ മകൻ മൈസൂരു ജില്ലയിലെ കെ.ആർ. നഗർ പൊലീസിൽ നൽകിയ പരാതിയിൽ രേവണ്ണ ഒന്നാം പ്രതിയും തട്ടിക്കൊണ്ടുപോകാൻ നിയോഗിച്ച സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമാണ്.
അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ഭവാനി കൂട്ടുപ്രതിയായത്. ഈ കേസിൽ ഭവാനിക്ക് പ്രത്യേക കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിൽ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് എസ്.ഐ.ടിയുടെ നീക്കം.
തട്ടിക്കൊണ്ടുപോവൽ കേസിൽ അറസ്റ്റിലായ എച്ച്.ഡി. രേവണ്ണക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ എസ്.ഐ.ടി ഫയൽ ചെയ്ത ഹരജിയിൽ വാദം കേട്ട ഹൈകോടതി ജഡ്ജി ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് രേവണ്ണക്ക് അടിയന്തര നോട്ടീസ് അയച്ചിട്ടുണ്ട്. ജാമ്യം അനുവദിച്ചതിൽ തെറ്റുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നാണ് ഹൈകോടതിയുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.