പാട്ന: ബിഹാർ തലസ്ഥാനമായ പാട്നയിൽ ട്യൂഷൻ സെന്ററിൽ അഞ്ചു വയസുകാരന് നേരെ അധ്യാപകന്റെ ക്രൂര മർദ്ദനം. മർദ്ദനത്തിൽ ബോധം നഷ്ടമായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അധ്യാപകൻ വിദ്യാർഥിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
വടിയെടുത്താണ് ആദ്യം അധ്യാപകൻ കുട്ടിയെ മർദ്ദിച്ചത്. വേദന കൊണ്ട് പുളഞ്ഞ കുട്ടി ഉച്ചത്തിൽ കരയുന്നതും ദൃശ്യത്തിൽ കാണാം. പിന്നീട് രണ്ടു വടികൾ പിണച്ച് കെട്ടി കുട്ടിയെ അടിക്കുകയായിരുന്നു. ഇതുംപോരാഞ്ഞ് കുട്ടിയുടെ മുടിയിൽ വലിച്ച് കൈകൊണ്ട് ഇടിച്ചു.
മർദ്ദനം നിർത്തണമെന്ന് കുട്ടി കരഞ്ഞുകൊണ്ട് അപേക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. മറ്റു കുട്ടികൾ പേടിച്ച് ഇടപെടാതെ മാറിനിൽക്കുകയായിരുന്നു. ചോട്ടു എന്നാണ് അധ്യാപകന്റെ പേരെന്ന് ട്യൂഷൻ സെന്ററിന്റെ ഉടമ അമർകാന്ത് കുമാർ പറഞ്ഞു.
ചോട്ടുവിന് ഉയർന്ന രക്തസമ്മർദ്ദമാണെന്നും അതിനാലാണ് ഇത്തരത്തിൽ പെരുമാറിയതെന്നും അമർകാന്ത് സൂചിപ്പിച്ചു. സമീപവാസിയാണ് മർദ്ദന ദൃശ്യം മൊബൈലിൽ പകർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
അധ്യാപനമെന്ന ജോലിക്ക് തീരാകളങ്കമാണീ അധ്യാപകനെന്നാണ് പലരുടെയും പ്രതികരണം. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.