ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ബോളിവുഡ് താരം മിഥുൻ ചക്രവർത്തിക്ക് കേന്ദ്രത്തിന്‍റെ വൈ പ്ലസ് വി.ഐ.പി സുരക്ഷ. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാണ് സംരക്ഷണ ചുമതല.
മിഥുൻ ചക്രവർത്തിയുടെ സുരക്ഷക്കായി വസതിയിലും പരിസരത്തും സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ പശ്ചിമ ബംഗാളിലെ പ്രചരണ കാമ്പയിനുകളിൽ മിഥുൻ ചക്രവർത്തിക്കൊപ്പം സുരക്ഷ ഉദ്യോഗസ്ഥരുമുണ്ടാകും.
കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിലാണ് 70കാരനായ മിഥുൻ ചക്രവർത്തി ബി.ജെ.പിയിൽ ചേർന്നത്. താരത്തിന് ഭീഷണി നിലനിൽക്കുന്നതിനാലാണ് വൈ പ്ലസ് വി.ഐ.പി സുരക്ഷ ഏർപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയതെന്നും സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ടു ഘട്ടമായാണ് ബംഗാൾ തെരഞ്ഞെടുപ്പ്. ഝാർഖണ്ഡിൽനിന്നുള്ള ബി.ജെ.പി എം.പിയായ നിഷികാന്ത് ദുബെക്കും കമാൻഡോ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്ത് സി.ഐ.എസ്.എഫ് സുരക്ഷ ലഭിക്കുന്ന വി.ഐ.പികളുടെ എണ്ണം 104 ആയി. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.