ബംഗളൂരു: യുക്രെയ്നിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി എസ്.ജി. നവീനിനെ അവസാനമായി കാണാൻ ആഗ്രഹിച്ച് കുടുംബാംഗങ്ങൾ കാത്തിരിക്കെ വിവാദ പ്രസ്താവനയുമായി കർണാടകയിലെ ബി.ജെ.പി എം.എൽ.എ. മൃതദേഹം കൊണ്ടുവരുന്ന സ്ഥാനത്ത് അതിനു പകരമായി കൂടുതൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാനാകുമെന്ന് ബി.ജെ.പി എം.എൽ.എ അരവിന്ദ് ബെള്ളാഡ് പറഞ്ഞു. നവീനിന്റെ മൃതദേഹത്തേക്കാൾ അവിടെ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിന് പരിഗണന നൽകണമെന്ന് നേരത്തേ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നെങ്കിലും മൃതദേഹത്തെ അപമാനിക്കുന്ന തരത്തിലാണ് എം.എൽ.എയുടെ പ്രസ്താവനയെന്ന വിമർശനമാണ് ഉയർന്നത്.
വിമാനത്തിൽ മൃതദേഹം കൊണ്ടുവരുന്നതിന് കൂടുതൽ സ്ഥലം ആവശ്യമുണ്ട്. മൃതദേഹത്തിനായി മാറ്റിവെക്കുന്ന സ്ഥലത്ത് കുറഞ്ഞത് എട്ടുപേരെയെങ്കിലും കൂടുതലായി നാട്ടിലെത്തിക്കാനാകുമെന്നും അരവിന്ദ് ബെള്ളാഡ് പറഞ്ഞു. നവീനിന്റെ മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. യുദ്ധം നടന്നുകൊണ്ടിരിക്കുന്നതിനാൽതന്നെ വിദ്യാർഥികളെ തിരിച്ചെത്തിക്കാൻതന്നെ പ്രയാസമാണ്.
അതിനേക്കാൾ ബുദ്ധിമുട്ടാണ് മൃതദേഹം കൊണ്ടുവരുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിധം മെഡിക്കൽ കോഴ്സുകളുടെ ഫീസ് നിജപ്പെടുത്താത്തതിന് ഉത്തരവാദി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണെന്നും എം.ബി.ബി.എസ് സീറ്റുകൾക്ക് കൃത്രിമ ഡിമാൻഡ് ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എം.എൽ.എയുടെ വിവാദ പ്രസ്താവനക്കിടെയും യുക്രെയ്നിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട എസ്.ജി. നവീനിന്റെ മൃതദേഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർക്ക് നൽകാനായിട്ടില്ല. നവീനിന്റെ മൃതദേഹം എന്ന് കൊണ്ടുവരുമെന്നതിൽ യാതൊരുവിധ വിവരും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സഹോദരൻ എസ്.ജി. ഹർഷ പറഞ്ഞു. മൃതദേഹം സുരക്ഷിതമായി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നു മാത്രമാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ അറിയിച്ചിട്ടുണ്ട്.
എന്നാൽ, എപ്പോൾ കൊണ്ടുവരുമെന്നോ എങ്ങനെ കൊണ്ടുവരുമെന്നോയുള്ള കാര്യത്തിൽ ഇതുവരെ വ്യക്തതയില്ലെന്നും ഹർഷ പറഞ്ഞു.
ഇതിനിടെ, കർണാടകയിൽനിന്നുള്ള 200 വിദ്യാർഥികൾ ഇപ്പോഴും യുദ്ധം രൂക്ഷമായ ഖാർകിവിൽ ഉണ്ടെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു. യുക്രെയ്നിലുള്ള വിദ്യാർഥികളുമായി ബൊമ്മൈ ഫോണിൽ സംസാരിച്ചു. ഖാർകിവിൽനിന്ന് കാൽനടയായി 30 കിലോമീറ്റർ സഞ്ചരിച്ച് സുരക്ഷിതമെന്നു കരുതുന്ന സ്ഥലത്താണുള്ളതെന്ന് വിദ്യാർഥികൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുനിന്നുള്ള 200 വിദ്യാർഥികളാണ് ഇപ്പോഴും അവിടെയുള്ളത്. ബംഗളൂരു സ്വദേശിയായ ഗഗൻ ഗൗഡയുമായാണ് ബൊമ്മൈ സംസാരിച്ചത്. ഇതിനിടെ, ഇതുവരെയായി കർണാടകയിൽനിന്നുള്ള 149 വിദ്യാർഥികളെയാണ് സുരക്ഷിതമായി നാട്ടിലെത്തിച്ചതെന്നും ബാക്കിയുള്ളവരെയും വരുംദിവസങ്ങളിൽ എത്തിക്കുമെന്നും കർണാടക ദുരന്തനിവാരണ അതോറിറ്റി കമീഷണർ മനോജ് രാജൻ അറിയിച്ചു.
ഇതിനിടെ, നവീനിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹാവേരി എം.പി ശിവകുമാർ ഉദാസി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് നിവേദനം നൽകി.
ഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് എം.പി ശിവകുമാർ ഇക്കാര്യം ആവശ്യപ്പെട്ടത്. യുക്രെയ്നിൽ കുടുങ്ങിയ കർണാടകയിൽനിന്നുള്ള വിദ്യാർഥികളുടെ വിവരങ്ങളും എം.പി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.