ന്യൂഡല്‍ഹി: 20,000 മുതല്‍ ഒന്നര ലക്ഷം വരെ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് മേലില്‍ പരിസ്ഥിതി അനുമതി നല്‍കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. 5000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദ വ്യവസ്ഥ ബാധകമാകും. വന്‍കിട കെട്ടിട നിര്‍മാണ നടപടി ലഘൂകരിക്കാന്‍ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയിലാണ് പുതിയ വ്യവസ്ഥകള്‍. പരിസ്ഥിതി അനുമതി നേടേണ്ട കെട്ടിടങ്ങളെ വിവിധ വിഭാഗങ്ങളാക്കി തിരിച്ച് പരിസ്ഥിതി അനുമതി നല്‍കുന്നരീതിയാണ് മന്ത്രാലയം ആവിഷ്കരിച്ചതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവേ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ 20,000 മുതല്‍ മൂന്നു ലക്ഷം വരെ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് സംസ്ഥാനതല അതോറിറ്റിയാണ് പരിസ്ഥിതി അനുമതി നല്‍കുന്നത്. 20,000 മുതല്‍ ഒന്നര ലക്ഷം വരെ ചതുരശ്ര മീറ്ററിലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുന്നതിനൊപ്പം പരിസ്ഥിതി അനുമതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയാല്‍ മതി.
പരിസ്ഥിതി അനുമതി നല്‍കാനുള്ള സംവിധാനം തദ്ദേശ സ്ഥാപനങ്ങളൊരുക്കണം. ഇവ പരിശോധിക്കാനും നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പരിസ്ഥിതി സെല്ലുകള്‍ തുറക്കണം. അതിനാവശ്യമായ വിദഗ്ധരെയും തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടത്തെണം. വിദഗ്ധരടങ്ങുന്ന കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നതിനനുസരിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ കെട്ടിട പെര്‍മിറ്റും പരിസ്ഥിതി അനുമതിയും നല്‍കേണ്ടത്. കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചതിന്‍െറ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ഒന്നര ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് സംസ്ഥാന അതോറിറ്റി പരിസ്ഥിതി അനുമതി നല്‍കുന്നത് തുടരും. ചതുരശ്ര മീറ്റര്‍ മൂന്നു ലക്ഷത്തിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് കേന്ദ്ര അതോറിറ്റിയാണ് പരിസ്ഥിതി അനുമതി നല്‍കുക. 5000നും 20,000നുമിടയില്‍ ചതുരശ്ര മീറ്ററുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോഴും പരിസ്ഥിതി വ്യവസ്ഥകള്‍ പാലിക്കണമെങ്കിലും അതിനായി സ്വന്തം നിലയില്‍ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.