പ്രയാഗ് രാജിൽ ജാവേദ് മുഹമ്മദിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു

യു.പിയിൽ വീണ്ടും ബുൾഡോസർ വാഴ്ച; പ്രതിഷേധിച്ച നേതാവിന്‍റെ വീട് തകർത്തു

ന്യൂഡൽഹി: ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ വാഴ്ച. ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ പ്രതിഷേധിച്ചവരുടെ വീടുകൾ തെരഞ്ഞുപിടിച്ച് സർക്കാർ ഇടിച്ചുനിരത്തുകയാണ്. മൂന്നുനഗരങ്ങളിലായി രണ്ടുദിവസം കൊണ്ട് നാലുവീടുകളാണ് പൊളിച്ചത്.

കഴിഞ്ഞദിവസം കാൺപൂരിലും സഹറാൻപൂരിലും വീടുകൾ തകർത്തതിന് പിന്നാലെ പ്രയാഗ് രാജ് (അലഹബാദ്) പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ പൗര പ്രമുഖനും വെൽെഫയർ പാർട്ടി നേതാവുമായ ജാവേദ് മുഹമ്മദിന്റെ വീട് ഞായറാഴ്ച ഇടിച്ചുനിരത്തി. പ്രവാചക നിന്ദക്കെതിരെ വെള്ളിയാഴ്ച ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് യു.പിയിൽ മാത്രം 300 ലേറെ പേരെ ഇതിനകം അറസ്റ്റ് ചെയ്തു.

സംഘർഷമുണ്ടായ എട്ടുജില്ലകളിൽ നിന്നാണ് 304 പേരെ അറസ്റ്റ് ചെയ്തതെന്ന് യു.പി അഡീ. ഡി.ജി.പി പ്രശാന്ത് കുമാർ അറിയിച്ചു. 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രയാഗ് രാജിലാണ് കൂടുതൽ പേർ അറസ്റ്റിലായത്, 91. സഹറാൻപുരിൽ 71 ഉം ഹാഥറസിൽ 51 ഉം പേരെ അറസ്റ്റ് ചെയ്തു.

ജാവേദ് മുഹമ്മദിന്റെ മകളും സാമൂഹിക പ്രവർത്തകയുമായ അഫ്രീൻ ഫാത്തിമയുടെ പ്രയാഗ് രാജിലെ കരേലിയിലുള്ള 'ജെ.കെ. ആഷിയാന' എന്ന വീടാണ് ഞായറാഴ്ച പ്രയാഗ് രാജ് വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചത്. വീടു നിർമിച്ചത് തങ്ങളുടെ അനുമതി കൂടാതെയാണെനാണ് അതോറിറ്റിയുടെ വാദം. വെള്ളിയാഴ്ചയിലെ സംഘർഷത്തിനു പിന്നാലെ അറസ്റ്റിലാണ് ജാവേദ് മുഹമ്മദ്. വൻ പൊലീസ് സന്നാഹവും മണ്ണുമാന്തിയും രാവിലെ 10.30 ഓടെ തന്നെ വീടിന് മുന്നിലെത്തിയിരുന്നു.

ഉച്ചക്ക് ഒരുമണിയോടെ പൊളിക്കൽ തുടങ്ങി. വീടിന് മുന്നിലെയും പിന്നിലെയും ഗേറ്റ് പൊളിച്ച് അകത്തു കടന്ന ഉദ്യോഗസ്ഥർ വീട്ടിനുള്ളിലെ വസ്തുവകകൾ സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് തള്ളുകയായിരുന്നു. പിന്നാലെ വീടും മതിലും പൊളിച്ചുനീക്കി. നടപടിക്കിടെ അഫ്രീൻ ഫാത്തിമയെയും മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

രണ്ടുപേർ വെടിയേറ്റു മരിച്ച ഝാർഖണ്ഡിലെ റാഞ്ചിയിൽ സംഘർഷാന്തരീക്ഷം തുടരുകയാണ്. കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. 12 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. റാഞ്ചിയിൽ മാത്രം 2,500 ലേറെ പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ടുകേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരിച്ചറിയാത്ത 10,000 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നിരവധി പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വക്താവ് അമോൽ ഹോംകർ അറിയിച്ചു. 33 മണിക്കൂറിന് ശേഷം ഞായറാഴ്ച പുലർച്ചയോടെ പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചു.

വെള്ളിയാഴ്ച സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ ഹൗറയിൽ ഞായറാഴ്ച സ്ഥിതിഗതികൾ ശാന്തമായിരുന്നു. കടകളും കമ്പോളങ്ങളും തുറക്കുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയുമാണ്. അസ്വസ്ഥ ബാധിത മേഖലകളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. ഇവിടെ നൂറിലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ, ഹൗറയിലേക്ക് പുറപ്പെട്ട പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പൊലീസ് തടഞ്ഞു. മേദിനിപുർ ജില്ലയിൽ വെച്ചാണ് സുവേന്ദുവിനെയും സംഘത്തെയും മുൻകരുതലെന്ന നിലയിൽ തടഞ്ഞത്.

ഹൗറയിലേക്ക് പുറപ്പെട്ട ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചു. തലസ്ഥാനമായ കൊൽക്കത്തയിൽ കനത്ത സുരക്ഷ സന്നാഹം തുടരുകയാണ്.

Tags:    
News Summary - Bulldozer rule again in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.