മോഹൻ യാദവ്

കേന്ദ്രം നിർദേശിച്ചാൽ ഉടൻ സി.എ.എ നടപ്പാക്കും -മോഹൻ യാദവ്

ഭോപാൽ: കേന്ദ്രം നിർദേശിച്ചാൽ ഉടൻ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. കേന്ദ്രത്തിന്‍റെയും മധ്യപ്രദേശ് സർക്കാറിന്‍റെയും നയങ്ങൾ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

"കേന്ദ്രത്തിന്‍റെയും മധ്യപ്രദേശ് സർക്കാറിന്‍റെയും നയങ്ങൾ ഒന്നാണ്. ഞങ്ങൾ 100 ശതമാനം തയാറാണ്. കേന്ദ്രം പറഞ്ഞാൽ ഉടൻ തന്നെ സി.എ.എ നടപ്പാക്കും" - മോഹൻ യാദവ് പറഞ്ഞു.

ജനങ്ങൾക്കിടയിൽ പാർട്ടിക്കും പ്രധാനമന്ത്രി മോദിക്കുമുള്ള പിന്തുണയുടെ തരംഗമാണ് കാണുന്നതെന്നും അതിനാൽ ബി.ജെ.പി സംസ്ഥാനത്ത് എല്ലാ സീറ്റുകളും നിലനിർത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗോത്ര, മുസ്ലിം സമുദായങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന ധാരണ തെറ്റാണെന്നും അവർ ഇതിനകം ഒന്നിലധികം തവണ പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മണിശങ്കർ അയ്യരുടെ 'പാകിസ്താനെ ബഹുമാനിക്കുക' എന്ന പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന്‍റെ ഏറ്റവും വലിയ പോരായ്മ ഇന്ത്യയുടെ ശക്തിയേകാൾ കൂടുതലായി പാകിസ്താനിലുള്ള വിശ്വാസമാണെന്ന് മോഹൻ യാദവ് പറഞ്ഞു. സ്ഥാനാർഥി ബി.ജെ.പിയിൽ ചേർന്നതിന് ശേഷം ഇൻഡോറിൽ കോൺഗ്രസ് നോട്ടയെ പിന്തുണച്ചത് ജനാധിപത്യത്തിലുള്ള വിശ്വാസമില്ലായ്മയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെയുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് 2019-ൽ ബി.ജെ.പി സർക്കാർ നടപ്പിലാക്കിയ സി.എ.എ ലക്ഷ്യമിടുന്നത്.

Tags:    
News Summary - CAA will be implemented in Madhya Pradesh as Centre nods: Mohan Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.