ന്യൂഡൽഹി: 2021ൽ നടക്കേണ്ട സെൻസസ് ഏറെ കാലതാമസത്തിനുശേഷം 2025ൽ നടത്താൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ഈ സെൻസസ് ആധാരമാക്കി മണ്ഡലങ്ങൾ പുനർ നിർണയിച്ചാകും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. സെൻസസിനുശേഷം മണ്ഡല പുനർ നിർണയം നടത്തി വനിത സംവരണം നടപ്പാക്കുമെന്ന രണ്ടാം മോദി സർക്കാറിന്റെ വാഗ്ദാനം മൂന്നാം മോദി സർക്കാർ യാഥാർഥ്യമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം, ജാതി സെൻസസ് വേണമെന്ന് പ്രതിപക്ഷവും ഏതാനും എൻ.ഡി.എ ഘടകക്ഷികളും ആവശ്യപ്പെടുമ്പോഴും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തിട്ടില്ല.
കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയതിനെത്തുടർന്ന് ജനസംഖ്യ കുത്തനെ താഴോട്ടുപോയ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭ എം.പിമാരുടെ എണ്ണം വളരെ കുറയുകയും നിയന്ത്രണമില്ലാതെ ജനസംഖ്യ കൂടുന്ന വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ എം.പിമാരുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്യാൻ വഴിയൊരുക്കുന്നതായിരിക്കും പുതിയ സെൻസസ് ആധാരമാക്കിയുള്ള മണ്ഡല പുനർനിർണയം. ഈ തിരിച്ചടി മുൻകൂട്ടിക്കണ്ട് ഓരോ കുടുംബത്തിലും മൂന്ന് മക്കൾ എന്ന നിലക്ക് ആന്ധ്രപ്രദേശിൽ ജനസംഖ്യ വർധന വേണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇതിനകം ആഹ്വാനവും ചെയ്തിട്ടുണ്ട്.
2002ൽ നടക്കേണ്ടിയിരുന്ന മണ്ഡല പുനർനിർണയം എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഭരണഘടനയുടെ 84-ാം ഭേദഗതിയിലൂടെ 25 വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 2026നുശേഷം പുറത്തുവരുന്ന ആദ്യ സെൻസസ് റിപ്പോർട്ട് ആധാരമാക്കി മണ്ഡല പുനർനിർണയം നടപ്പാക്കാനാണ് അന്ന് നീട്ടിവെച്ചത്. ഇതുപ്രകാരം 2031 സെൻസസ് പ്രകാരമാണ് മണ്ഡല പുനർനിർണയം നടക്കേണ്ടതെങ്കിലും 2027ൽ തന്നെ അതിനുള്ള പ്രക്രിയ തുടങ്ങി ഒരു വർഷത്തിനകം നടത്താനാണ് സർക്കാർ നീക്കം. അങ്ങനെയെങ്കിൽ പുനർനിർണയിക്കുന്ന മണ്ഡലങ്ങളിലാകും 2029 ലോക്സഭ തെരഞ്ഞെടുപ്പ് നടത്തുക.
എന്നാൽ, ഇതിനായി ഭരണഘടനയുടെ 55, 81, 82 170, 330, 332 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യേണ്ടതുണ്ട്. രജിസ്ട്രാർ ജനറലും സെൻസസ് കമീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണിന്റെ കാലാവധി 2026 ആഗസ്റ്റ് വരെ കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചത് ഈയിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.