ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച കൈപ്പറ്റിയ കർണാടകയിലെ ജാതി സെൻസസ് എന്ന് വിശേഷിപ്പിക്കുന്ന സാമൂഹിക, സാമ്പത്തിക സർവേ റിപ്പോർട്ടിന് എതിരെ മന്ത്രിമാരും കോൺഗ്രസ് എം.എൽ.എമാരും ഉൾപ്പെടെ രംഗത്ത്. ലിംഗായത്ത് വിഭാഗത്തെ പ്രതിനിധാനംചെയ്യുന്ന ജനപ്രതിനിധികളിൽനിന്നാണ് ഏറെ എതിർപ്പ്.
റിപ്പോർട്ട് അശാസ്ത്രീയമാണെന്ന് മുതിർന്ന കോൺഗ്രസ് എം.എൽ.എയും വീരശൈവ-ലിംഗായത്ത് മഹാസഭ പ്രസിഡന്റുമായ ശമനൂർ ശിവശങ്കരപ്പ പറഞ്ഞു. ഈ റിപ്പോർട്ട് അംഗീകരിക്കുന്ന പ്രശ്നമില്ല. വീടുവീടാന്തരം കയറി സർവേ നടത്തിയല്ല റിപ്പോർട്ട് തയാറാക്കിയത്. ഇത് സർക്കാർ സ്വീകരിക്കരുതെന്ന് ആവശ്യപ്പെടുന്ന നിവേദനം നേരത്തേ സമർപ്പിച്ചതാണ് -അദ്ദേഹം പറഞ്ഞു.
ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്ക് പ്രതികൂലമാകുന്നതാണ് റിപ്പോർട്ട് ശിപാർശകൾ എന്ന് ധാർവാഡ് മണ്ഡലം കോൺഗ്രസ് എം.എൽ.എ വിനയ് കുൽകർണി പ്രതികരിച്ചു. ലിംഗായത്ത് സമുദായത്തിൽ 100 ഉപജാതികളുണ്ട്. റിപ്പോർട്ട് അത് കണ്ടില്ലെന്ന് നടിച്ചു. റിപ്പോർട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാറിന് താൻ കത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ലിംഗായത്ത് സമുദായത്തോട് അനീതിയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.
റിപ്പോർട്ടിൽ ന്യൂനതകളുണ്ടെന്ന് വനിത-ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾകർ അഭിപ്രായപ്പെട്ടു. വീടുവീടാന്തരം കയറിയുള്ള വിവര ശേഖരണം നടത്താതെയാണ് റിപ്പോർട്ട് തയാറാക്കിയത്. ആശയക്കുഴപ്പം നിലനിൽക്കുന്നു. എല്ലാ സമുദായങ്ങൾക്കും തുല്യ അവസരങ്ങൾ വേണം. ജാതി സെൻസസ് രാഷ്ട്രീയ കളിക്ക് ഉപയോഗിച്ചുകൂടാ -ലക്ഷ്മി പറഞ്ഞു. അതേസമയം റിപ്പോർട്ടിൽ ഒരു കുഴപ്പവുമില്ലെന്ന് ഗ്രാമവികസന-പഞ്ചായത്തീരാജ്, ഐ.ടി, ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
വിമർശിക്കുന്നവരും എതിർപ്പുമായി വരുന്നവരും അശാസ്ത്രീയം എന്ന് വിശേഷിപ്പിക്കുന്നവരും ആദ്യം റിപ്പോർട്ട് വായിക്കുകയാണ് വേണ്ടത്. കണക്കുകളല്ല റിപ്പോർട്ടിന്റെ അന്തസ്സത്തയാണ് നിരീക്ഷിക്കേണ്ടത്.
സൗകര്യങ്ങൾ ജനസംഖ്യാനുപാതികമായി വീതിക്കണം എന്ന് എല്ലാ നേതാക്കളും സമ്മതിച്ചതാണ് -ഖാർഗെ പറഞ്ഞു.അകത്തും പുറത്തും എതിർപ്പ് വിവിധ തരത്തിൽ ഉയരുന്ന സാഹചര്യത്തിൽ വിധാൻ സൗധയിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ കെ. ജയപ്രകാശ് ഹെഗ്ഡെയിൽനിന്ന് റിപ്പോർട്ട് കൈപ്പറ്റിയത്.
ഇതിനകം പുറത്തുവന്ന വിവരങ്ങൾ പ്രകാരം 1.08 കോടിയുള്ള പട്ടികജാതി വിഭാഗം കർണാടക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്താണ്. 70 ലക്ഷം ജനസംഖ്യയുമായി മുസ്ലിംകളാണ് തൊട്ടു പിറകിൽ. 65 ലക്ഷവുമായി മൂന്നാം സ്ഥാനത്തുള്ള ലിംഗായത്തും 60 ലക്ഷമുള്ള വൊക്കലിഗ വിഭാഗവും അധികാര കേന്ദ്രങ്ങളിലും അവസരങ്ങളിലും ഒന്നാം സ്ഥാനത്താണ്.
മുസ്ലിം സമുദായത്തിനുള്ള നാല് ശതമാനം ഒ.ബി.സി സംവരണം എടുത്തുകളയാൻ കഴിഞ്ഞ കർണാടക ബി.ജെ.പി മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇത് വൊക്കലിഗകൾക്കും (രണ്ട് ശതമാനം), ലിംഗായത്തുകൾക്കും (രണ്ട് ശതമാനം) നൽകാനുമാണ് തീരുമാനിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.