മൊഹാലി: ചണ്ഡിഗഢ് യൂനിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ സർവകലാശാല ശനിയാഴ്ച വരെ അടച്ചുപൂട്ടി. വിദ്യാർഥികളോട് മോശമായി പെരുമാറിയ വനിതാ ഹോസ്റ്റൽ വാർഡർ രജ്‍വിന്ദർ കൗറിനെ സർവകലാശാല അധികൃതർ സസ്പെൻഡ് ചെയ്തു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ ഈ വാർഡനെയും കാണാം. ദൃശ്യങ്ങൾ പകർത്തി പുറമെയുള്ളവർക്ക് അയച്ചുകൊടുത്തതിന് അറസ്റ്റിലായ പെൺകുട്ടിയുമായി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോസ്റ്റലിൽ നടന്ന സംഭവം അറിഞ്ഞിട്ടും ഉടൻ പൊലീസിൽ അറിയിച്ചില്ലെന്നാണ് ഇവർക്കെതിരായ ആരോപണം. കൂടാതെ, സംഭവത്തിൽ സർവകലശാലയിൽ വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ പെൺകുട്ടികളെ ഇവർ ശകാരിച്ചതായും ആരോപണമുണ്ട്.
നാല് വിഡിയോകളാണ് പെൺകുട്ടിയുടെ ഫോണിൽ നിന്ന് കിട്ടിയതെന്നും ഇവ നാലും അവരുടെ സ്വന്തം ദൃശ്യങ്ങൾ തന്നെയാണെന്നും പൊലീസ് പറഞ്ഞു. സർവകലാശാലയിൽ ഇതിന്റെ പേരിൽ ആത്മഹത്യാശ്രമം നടന്നിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്ന പോലുള്ള വിഡിയോകൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അറുപതോളം വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധം നിലവിൽ അവസാനിച്ചിരിക്കുകയാണ്. വിദ്യാർഥിനി സ്വന്തം ദൃശ്യങ്ങളാണ് പകർത്തിയതെന്നും മറ്റുള്ള ദൃശ്യങ്ങൾ പകർത്തിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നുമുള്ള പൊലീസ് വാദം വിദ്യാർഥികൾ അംഗീകരിച്ചിട്ടില്ല.
വിദ്യാർഥികളുടെ പരാതി പ്രകാരം സർവകലാശാല നിർദേശിച്ചതനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
സംഭവത്തിൽ വിഡിയോ എടുത്ത ഒന്നാം വർഷ എം.ബി.എ വിദ്യാർഥിനിയും പെൺകുട്ടി അയച്ചുകൊടുത്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സുഹൃത്ത് സണ്ണി മേത്ത എന്ന 23 കാരനും ഇയാളുടെ സുഹൃത്ത് ബേക്കറിക്കാരനും അറസ്റ്റിലായിട്ടുണ്ട്. ബേക്കറിക്കാരന്റെ പങ്കെന്താണെന്ന് വ്യക്തമായിട്ടില്ല. മറ്റാരുടെയും വിഡിയോ താൻ പകർത്തിയിട്ടില്ലെന്നാണു വിദ്യാർഥിനിയുടെ മൊഴിയെന്നും മൊഹാലി എസ്.എസ്.പി വിവേക് സോണി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.