കോവിഡ് ബാധിച്ച് മരിച്ച സുഹൃത്തായ ഡോക്ടറുടെ മൃതദേഹം മറവുചെയ്യുന്നതിനിടെ ചെന്നൈയിൽ ആൾക് കൂട്ട ആക്രമണത്തിനിരയായ ഡോ. പ്രദീപ് കുമാർ അനുഭവം പങ്കുവെക്കുന്നു
‘‘മൃതദേഹവും കൊണ്ട് പോയപ്പോൾ ഞങ്ങളെ എറിഞ്ഞോടിക്കുകയായിരുന്നു. എനിക്കാ രാത്രി ഓർക്കാൻ കൂടി വയ്യ. ഒരു ശത്രുവിന് പോല ും ഈ ഗതി വരരുത്. ലോകത്ത് ഇങ്ങനെ ഒരു ശവമടക്ക് ആരും നടത്തിയിട്ടുണ്ടാവില്ല... ഞാനും രണ്ട് പയ്യന്മാരും വെറും കൈ യും ഒരു തൂമ്പയും കൊണ്ടാണ് 12 അടി താഴ്ചയുള്ള കുഴിമാടത്തിൽ മണ്ണുനിറച്ചത് "- ഡോ. പ്രദീപ് കുമാർ വിതുമ്പലോടെ പ റഞ്ഞു തുടങ്ങി.
ശരിയാണ്. സുഹൃത്തിെൻറ മൃതദേഹവുമായി ശ്മശാനങ്ങൾ തേടി അലയേണ്ടിവന്ന, ജനക്കൂട്ടത്തിെൻറ ആക്രമണത്തിന് വിധേയനായ ഡോ. പ്രദീപിനെ പോലെ ഒരു നിസ്സഹായൻ ലോകത്ത് വേറെയുണ്ടാവില്ല. കോവിഡ് ബാധിച്ച് മരി ച്ച സുഹൃത്തും ന്യൂറോ സർജനുമായ ഡോ. സൈമൺ ഹെർക്കുലീസിനെ (55) ഇക്കഴിഞ്ഞ ഞായറാഴ്ച സംസ്കരിക്കാൻ പോകുമ്പോഴായിരുന്ന ു ആ ക്രൂരമായ സംഭവങ്ങൾ അരങ്ങേറിയത്. ചെന്നൈ ന്യൂഹോപ്പ് ആശുപത്രി സ്ഥാപകനായ സൈമൺ അപ്പോളോ ആശുപത്രിയിലാണ് മ രിച്ചത്. പ്രദീപ്കുമാറിെൻറ തന്നെ വാക്കുകൾ കേൾക്കാം:
കല്ലും വടികളുമായി അവർ പാഞ്ഞടുത്തു..
ആദ്യം കീഴ്പ്പാക്കത്തെ ശ്മശാനമായിരുന്നു ശവമടക്കിന് ചെന്നൈ കോർപറേഷൻ തീരുമാനിച്ചിരുന്നത്. അവിടെ എത്തിച്ചെങ്കിലും ആളുകളുടെ പ്രതിഷേധത്തെ തുടർന്ന് അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് മാറ്റി. എന്നാൽ, അണ്ണാനഗറിൽ മൃതദേഹം കൊണ്ടുപോയപ്പോൾ തന്നെ ആംബുലൻസിന് നേരെ കല്ലും വടികളും ഇഷ്ടികക്കട്ടകളുമായി പ്രദേശവാസികൾ പാഞ്ഞടുത്തു.
60ഓളം പേർ വാഹനത്തിന്റെ നാലുഭാഗത്തുമുള്ള ചില്ലുകൾ തച്ചുതകർത്തു, കല്ലേറിൽ ഡ്രൈവറുടെയും സഹായിയുടെയും തലപൊട്ടി ചോരയൊലിച്ചു. കുഴിയെടുക്കാൻ വന്ന ജെ.സി.ബിയും എറിഞ്ഞുതകർത്തു. ശ്മശാന ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേറ്റു. കോർപറേഷൻ ഏർപ്പാടാക്കിയ മൂന്ന് പേർക്കും മർദനമേറ്റു. കേണുപറഞ്ഞിട്ടും ജനക്കൂട്ടം പിന്തിരിഞ്ഞില്ല. ഒടുവിൽ മൃതദേഹവും വഹിച്ച്, ചോരയൊലിക്കുന്ന തലയുമായി ഡ്രൈവർ ആശുപത്രിയിലേക്ക് ആബുലൻസ് തിരിച്ചുവിട്ടു. പിന്നാലെ കാറിൽ ഞാനും ഡോക്ടറുടെ കുടുംബവും.
ഡ്രൈവർക്കും സഹായിക്കും നല്ല പരിക്കേറ്റിരുന്നു. അവരുടെ ചികിത്സക്കുള്ള ഏർപ്പാട് ചെയ്തു. രാത്രി തന്നെ മൃതദേഹവുമായി ഞാൻ ആംബുലൻസ് ഓടിച്ച് ശ്മശാനത്തിലെത്തി. ആശുപത്രിയിലെ ഹെൽപർമാരായ രണ്ട് യുവാക്കളെയും കൂടെ കൂട്ടിയിരുന്നു.
ശ്മശാനത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. അക്രമം ആവർത്തിക്കപ്പെടുമെന്ന് ഞങ്ങൾ ഭയപ്പെട്ടതിനാൽ തിടുക്കത്തിൽ മൃതദേഹം കുഴിയിലേക്ക് ഇറക്കി. 12 അടി താഴ്ചയുള്ള കുഴിമാടത്തിൽ ഞങ്ങൾ മൂവരും ചേർന്നാണ് മൃതദേഹം ഇറക്കിവെച്ചത്. നഗ്നമായ കൈകളും ഒരു തൂമ്പയും ഉപയോഗിച്ചാണ് ആ കുഴിമാടം മൂടിയത്. എല്ലാം കഴിയുമ്പോഴേക്കും രാത്രി 1.30 ആയിരുന്നു.
അദ്ദേഹത്തോട് ഇത് ചെയ്യരുതായിരുന്നു
ഹൃദയ ഭേദകമായിരുന്നു കാര്യങ്ങൾ. അദ്ദേഹം (ഡോ. സൈമൺ ഹെർക്കുലീസ്) മാന്യനും ദയാലുവുമായ ഡോക്ടറായിരുന്നു. ആർക്കും വെറുക്കാൻ കഴിയുമായിരുന്നില്ല. ഇത്തരമൊരു അന്ത്യയാത്രയായിരുന്നില്ല ഡോക്ടർ അർഹിച്ചിരുന്നത്. അന്ത്യചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിെൻറ കുടുംബത്തെപോലും ജനക്കൂട്ടം അനുവദിച്ചില്ല.
ഞങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ഡോ. ഹെർക്കുലസിന്റെ കുടുംബം അവിടെ ഉണ്ടായിരുന്നു. ഭാര്യയും മകനും വന്നു. പക്ഷേ ആൾക്കൂട്ടം വന്നശേഷം അവർക്ക് രക്ഷപ്പെടേണ്ടിവന്നു. കോവിഡ് -19 പോസിറ്റീവ് ആയ മകൾക്ക് അവസാനമായി പിതാവിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല.
കൊറോണയെ "കൊല്ലാൻ " പാത്രം കൊട്ടുന്ന നാടാണിത്
മെഴുകുതിരി കത്തിച്ചും പാത്രം കൊട്ടിയും കൊറോണയെ ''തുരത്തുന്ന" നാടാണിത്. അവരെ കുറ്റപ്പെടുത്തുന്നില്ല. സോഷ്യൽ മീഡിയയിലും മറ്റുമുള്ള ധാരാളം വ്യാജ വാർത്തകളാണ് അവർ വിശ്വസിക്കുന്നത്. വൈറസ് ബാധിതെൻറ ശവസംസ്കാരം നടന്നാൽ അയൽപക്കത്തുള്ളവർക്ക് പകർച്ചവ്യാധി വരുമെന്ന തെറ്റിദ്ധാരണ മൂലമാണ് അവരുടെ എതിർപ്പ്. പൊതുജനങ്ങൾക്കിടയിൽ അവബോധമില്ല.
രാത്രി ഒമ്പതുമണിക്ക് ഒമ്പത് മെഴുകുതിരികൾ കത്തിക്കുന്നത് കൊറോണ വൈറസിനെ കൊല്ലുമെന്ന് എെൻറ സ്വന്തം അമ്മ കരുതി. ഒരു ഡോക്ടറുടെ അമ്മ!. എനിക്ക് അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ ലോകത്തെക്കുറിച്ച് ചിന്തിക്കുക. ആളുകൾ കരുതുന്നത് കൊറോണ ശ്മശാനത്തിലൂടെ പടരുമെന്നാണ്. അങ്ങനെ പടരില്ലെന്ന കാര്യം അവർക്കറിയില്ല. മൃതദേഹവുമായി ഞങ്ങൾ അവിടെ നിന്ന് പോകണമെന്നാണ് ജനക്കൂട്ടം ആഗ്രഹിച്ചത്. അതിനുവേണ്ടി അവർ ഞങ്ങളെ ആക്രമിച്ചു, തല്ലി, രക്തമൊഴുക്കി, ഞങ്ങളെ ഓടിച്ചു വിട്ടു.
ഞങ്ങൾ മാറിനിന്നാൽ ഇവിടെ ശവങ്ങൾ കുന്നുകൂടും..
ഞങ്ങൾ [ഡോക്ടർമാർ] നിങ്ങളെപ്പോലെ കൊറോണ വൈറസിനെ ഭയപ്പെടുന്നു. എന്നാൽ, ഭയം കാരണം ഞങ്ങൾ ചികിത്സ നിർത്തിയാൽ കൂടുതൽ അപകടങ്ങളുണ്ടാകും. മൃതദേഹങ്ങൾ കുന്നുകൂടും. ശവം കുഴിച്ചിടാൻ നിങ്ങളുടെ സ്വന്തം ബന്ധുക്കൾ പോലും വരില്ല. ആരോഗ്യ പ്രവർത്തകരെ പിന്തുണക്കണം എന്നുമാത്രമാണ് അഭ്യർഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.