അരുണാചൽപ്രദേശിൽ ചൈന അതിർത്തി ലംഘിച്ച്​ നിർമിച്ച ഗ്രാമത്തിലെ വീടുകൾ. ഗ്രാമത്തിന്‍റെ ഉപഗ്രഹ ചിത്രം ഇൻസെറ്റിൽ

അതിർത്തിയിൽ 'അത്ര വെടിപ്പല്ല' കാര്യങ്ങൾ-അരുണാചലിൽ ചൈനീസ്​ ഗ്രാമം, ഹിമാലയത്തില്‍ ഒപ്റ്റിക് ഫൈബര്‍ ശൃംഖല

ന്യൂഡൽഹി: ഇന്ത്യയുമായുള്ള അതിർത്തി തർക്കം പാരമ്യതയിലെത്തി നിൽക്കേ, അതിർത്തിയിൽ ചൈന നടത്തുന്ന കടന്നുകയറ്റങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്​. യഥാര്‍ഥ നിയന്ത്രണ രേഖക്കുസമീപം അരുണാചല്‍ പ്രദേശില്‍ ചൈനീസ് ഗ്രാമം ഉണ്ടെന്ന റിപ്പോർട്ടുകളും ചിത്രങ്ങളും നേരത്തേ തന്നെ പുറത്തുവന്നിരുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ട് ഇത്​ ശരിവെക്കുകയാണ്​. പശ്ചിമ ഹിമാലയത്തിലെ ചില ഉള്‍പ്രദേശങ്ങളില്‍ ചൈന ഒപ്റ്റിക് ഫൈബര്‍ ശൃംഖല സ്ഥാപിച്ചതായും പെന്‍റഗൺ യു.എസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്​.

അതിവേഗ ആശയവിനിമയത്തിനും വിദേശ ഇടപെടലില്‍നിന്ന് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എൽ.എ) ഇത്തരത്തില്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഖല സ്ഥാപിച്ചതെന്ന് Military and Security Developments Involving the People's Republic of China 2021എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പി.എല്‍.എയുടെ കമാന്‍ഡര്‍മാര്‍ക്ക് ഐ.എസ്.ആര്‍ (intelligence, surveillance, and reconnaissance) വിവരങ്ങള്‍ തല്‍സമയം അറിയാനും അതിർത്തിയിലെ സാഹചര്യങ്ങൾ വേഗം മനസ്സിലാക്കാനും സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചൈന അരുണാചൽ പ്രദേശിൽ അതിർത്തി ലംഘിച്ച്​ നിർമിക്കുന്ന ഗ്രാമങ്ങളുടെ 2020 ഫെബ്രുവരി 17ലെയും 2020 നവംബർ 28ലെയുംഉപഗ്രഹ ചിത്രങ്ങൾ. മൂന്ന്​ ഗ്രാമങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ഇതിൽ കാണാം

അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്​. ഇന്ത്യന്‍ അതിര്‍ത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിൽ അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമമാണ്​ നിർമ്മിച്ചിരിക്കുന്നത്​. പരാമര്‍ശിക്കുന്നത്. അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സരി ചു നദിക്കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ടിബറ്റ് സ്വയംഭരണ മേഖലയ്ക്കും എല്‍.എ.സിയുടെ കിഴക്കന്‍ സെക്ടറില്‍ അരുണാചല്‍ പ്രദേശിനും ഇടയിലെ തര്‍ക്ക പ്രദേശമാണ്​ ഇത്​. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നയതന്ത്ര-സൈനികതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും എല്‍.എ.സിയില്‍ തങ്ങളുടെ അവകാശവാദങ്ങള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ്​ ചൈന നൂറ് സിവിലിയന്‍ വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമം നിർമ്മിച്ചത്​. ഈ വിവരം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കഴിഞ്ഞ ജനുവരിയിൽ ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2020ല്‍ ആകാം ചൈന ഇവിടെ 100 വീടുകള്‍ നിര്‍മിച്ചതെന്ന് യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ആഗസ്റ്റ് 26ന് പകര്‍ത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തില്‍ യാതൊരു നിര്‍മാണ പ്രവൃത്തികളും കാണാനില്ലായിരുന്നു. എന്നാല്‍, 2020 നവംബറിലെ പുതിയ ചിത്രത്തില്‍ വീടുകളും മറ്റും വ്യക്തമായി കാണുന്നുണ്ട്​. മേഖലയില്‍ വര്‍ഷങ്ങളായി ചൈനക്ക്​ ചെറിയ സൈനിക ഔട്ട്‌പോസ്റ്റ് മാത്രമാണ്​ ഉണ്ടായിരുന്നത്​.

2019 ആഗസ്റ്റിലെ ഉപഗ്രഹ ചിത്രത്തിൽ നിർമാണ പ്രവർത്തനങ്ങളൊന്നുമില്ല. 2020 നവംബറിലെ ഉപഗ്രഹ ചിത്രത്തിൽ ഗ്രാമം കാണാം

അന്താരാഷ്​ട്ര അതിര്‍ത്തിയെ ചൊല്ലി ദീര്‍ഘകാലമായി ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന തര്‍ക്കം കഴിഞ്ഞവര്‍ഷം ജൂണിൽ മൂര്‍ച്ഛിച്ചിരുന്നു. സംഘര്‍ഷത്തില്‍ ഇരുഭാഗത്തെയും സൈനികർക്ക്​ ജീവന്‍ നഷ്​ടപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ്​ ചൈന അതിര്‍ത്തി ലംഘിച്ച്​ നിർണായക സന്നാഹങ്ങൾ ഒരുക്കിയതെന്ന്​ യു.എസ്​ റിപ്പോര്‍ട്ടിൽ പറയുന്നു. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇരുരാജ്യങ്ങ​ളും തമ്മിലുള്ള തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഒക്ടോബര്‍ പത്തിന് നടന്ന 13ാം വട്ട കമാന്‍ഡര്‍തല ചര്‍ച്ചയും പരാജയമായിരുന്നു.

Tags:    
News Summary - China sets up village near Arunachal, says US report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.