ഇംഫാൽ: മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ സംഘർഷ സാഹചര്യം ഒഴിയുന്നില്ല. ബുധനാഴ്ച രണ്ടായിരത്തോളം വരുന്ന ആൾക്കൂട്ടം മണിപ്പൂർ റൈഫിൾസിന്റെ ക്യാമ്പ് ആക്രമിച്ച് ആയുധം തട്ടിയെടുക്കാൻ ശ്രമിക്കവെ സുരക്ഷ സേന പലതവണ ആകാശത്തേക്ക് വെടിവെച്ചിരുന്നു. വ്യാഴാഴ്ച കാര്യമായ അനിഷ്ട സംഭവങ്ങളില്ലെങ്കിലും ഇവിടുത്തെ അന്തരീക്ഷം സാധാരണ നിലയിലേക്ക് വന്നിട്ടില്ല. കമ്പോളങ്ങൾ പലതും അടഞ്ഞുകിടന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും കോടതിയും മറ്റും പ്രവർത്തിച്ചു. കർഫ്യൂ ഇളവ് ചെയ്തതോടെ റോഡിൽ വാഹനങ്ങളും സജീവമായി. പ്രധാന ജങ്ഷനുകളിെലല്ലാം സംസ്ഥാന-കേന്ദ്ര പൊലീസുകാരെ കൂടുതലായി വിന്യസിച്ചു. മണിപ്പൂർ റൈഫിൾസ് ക്യാമ്പിന് സമീപം പൊലീസ് റോന്തുചുറ്റി. കഴിഞ്ഞ ദിസവം അക്രമികൾ ലക്ഷ്യമിട്ട മണിപ്പൂർ റൈഫിൾസ് ക്യാമ്പ് രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫിസിനും അടുത്താണ്.
വ്യക്തികൾക്ക് അവശ്യസാധനങ്ങൾ വാങ്ങാനും മറ്റുമായി പുറത്തുപോകാൻ കാലത്തുമുതൽ വൈകീട്ടുവരെയാണ് കർഫ്യൂ ഇളവ് അനുവദിച്ചത്. എന്നാൽ കൂട്ടംകൂടുന്നതും പ്രതിഷേധങ്ങളും വിലക്കിയിട്ടുണ്ട്. അതിനിടെ, തെങ്ഗ്നൗപൽ ജില്ലയിലെ സിനാമിൽ പൊലീസ് സംഘത്തെ തീവ്രവാദികൾ ആക്രമിച്ചു. മൂന്ന് പൊലീസുകാർക്ക് വെടിയേറ്റു. തെങ്ഗ്നൗപൽ ജില്ലയിലെ മൊറേഹ് നഗരത്തിൽ ഒക്ടോബർ 31ന് സബ് ഡിവിഷനൽ പൊലീസ് ഓഫിസർ വെടിയേറ്റ് മരിച്ചിരുന്നു. തുടർന്ന് ഇവിടേക്ക് കൂടുതൽ പൊലീസ് കമാൻഡോകളെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് കുകി വിദ്യാർഥി സംഘടന (കെ.എസ്.ഒ) നവംബർ ഒന്നുമുതൽ സംസ്ഥാനത്ത് 48 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.