ലഖ്നോ: രാജ്യം മുഴുവനുമുള്ള തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കുമ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൈയിൽ കൊണ്ടുനടന്ന ഭരണഘടനയുടെ മിനിപതിപ്പ് ഓർമയില്ലേ? ചുവപ്പും കറുപ്പും കലർന്ന പുറംചട്ടയുള്ള, കൈയിലൊതുങ്ങാവുന്ന ആ പോക്കറ്റ് ഭരണഘടനക്ക് ലോക്സഭ തെരഞ്ഞെടുപ്പോടെ ആവശ്യക്കാർ ഏറി. ഇപ്പോൾ അതിന്റെ ഒരു കോപ്പി പോലും കിട്ടാനില്ല. ലഖ്നോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈസ്റ്റേൺ ബുക്ക് കമ്പനി(ഇ.ബി.സി) ആണ് ഭരണഘടനയുടെ മിനി പതിപ്പ് പുറത്തിറക്കിയത്. 5000 ത്തിലേറെ കോപ്പികളുണ്ടായിരുന്നു ആ എഡിഷനിൽ. എല്ലാം വിറ്റുതീർന്നിരിക്കുകയാണ്.
2023ൽ 5000കോപ്പികളാണ് പുറത്തിറക്കിയത്. അത് മുഴുവൻ ഒരുവർഷം കൊണ്ട് വിറ്റുതീർന്നു. 20 സെ.മി നീളവും 10.8 സെ.മി വീതിയും 2.1 സെ.മി കനവുമാണ് ഈ പോക്കറ്റ് ഭരണഘടനക്ക്. പോക്കറ്റിലിട്ട് എവിടെ വേണമെങ്കിലും കൊണ്ടുപോകാം. 2009ലാണ് ആദ്യമായി ഇത്തരമൊരു പതിപ്പ് ഇ.ബി.സി ഇറക്കുന്നത്. അതിനു ശേഷം 16 എഡിഷനുകൾ വന്നു.
മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ആണ് ഇത്തരമൊരു മിനി ഭരണഘടന ഇറക്കാനുള്ള ആശയം പറഞ്ഞുതന്നതെന്ന് ഇ.ബി.സി ഡയറക്ടർ സുമീത് മാലിക് പറയുന്നു. അഭിഭാഷകർക്ക് എളുപ്പം കൊണ്ടുനടക്കാനുള്ള സൗകര്യം പരിഗണിച്ചായിരുന്നു ഗോപാൽ ശങ്കരനാരായണൻ മിനി ഭരണഘടന എന്ന ആശയംമുന്നോട്ട് വെച്ചത്. അങ്ങനെ 2009 ൽ മിനി ഭരണഘടനയുടെ 800 ഓളം കോപ്പികൾ അടിച്ചിറക്കി. മുഴുവൻ കോപ്പികളും എളുപ്പത്തിൽ വിറ്റഴിഞ്ഞു. പിന്നീടങ്ങോട്ട് ഓരോവർഷവും 5000 മുതൽ 6000കോപ്പികൾ വരെ വിറ്റുപോയി. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മിനി ഭരണഘടനക്ക് ആവശ്യക്കാരേറി. അതിന് കാരണക്കാരൻ പ്രധാനമായും രാഹുൽ ഗാന്ധിയാണ്. പിന്നെ മല്ലികാർജുൻ ഖാർഗെയും.-സുമീത് മാലിക് കൂട്ടിച്ചേർത്തു. പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത് മുൻ അറ്റോണി ജനറൽ കെ.കെ.വേണുഗോപാൽ ആണ്.
624 പേജുകളുണ്ട് കോട്ട് പോക്കറ്റ് ഭരണഘടനക്ക്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ വിദേശരാജ്യങ്ങളിൽ പോകുമ്പോൾ ഭരണഘടനയുടെ ഈ പതിപ്പ് കൈവശം വെക്കാറുണ്ട്. രാജ്യത്തുടനീളമുള്ള നിരവധി ലൈബ്രറികളും പുസ്തകം ലഭ്യമാണ്. അഭിഭാഷകർക്കും ജഡ്ജിമാർക്കും മാത്രമല്ല രാജ്യത്തെ ഓരോ പൗരനും കൈവശം വെച്ചിരിക്കേണ്ട പുസ്തകം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.