തൃശൂര്‍: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് മുഹമ്മദ് ഹാഷിം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും പൊലീസിലും പരാതി നല്‍കി. യോഗിയുടെ പ്രസ്താവന പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതും കേരളത്തെ അപമാനിക്കുന്നതാണെന്നും മുഹമ്മദ് ഹാഷിം ചൂണ്ടിക്കാട്ടി.
മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വരുത്തുന്നതിനും സൗഹാര്‍ദം തകര്‍ക്കണമെന്ന മുന്‍വിധിയോടു കൂടി ദുരുദേശ്യത്തോടെയാണെന്നും കേരളത്തെ അപമാനിക്കുന്നതാണെന്നും തൃശൂർ റൂറല്‍ പെലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കേരളത്തെയും കേരളത്തിന്റെ അഭിവൃദ്ധിയെയും കാലങ്ങളായുള്ള പ്രവര്‍ത്തന മികവുകളെയും മതേതര സൗഹാര്‍ദത്തെയും മോശമായി ചിത്രീകരിച്ച് കേരളത്തിലെ ജനങ്ങളോട് മറ്റുള്ളവര്‍ക്ക് അവമതിപ്പും ശത്രുതയുമുണ്ടാക്കി അപമാനിതമാക്കുന്നതാണ് പ്രവൃത്തി.
ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നാണ് പരാതി. സമൂഹത്തില്‍ സ്പർധ വളര്‍ത്താനും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനും ശ്രമിക്കുന്ന യോഗിയുടെ നീക്കങ്ങളില്‍ നടപടി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പരാതിയില്‍ ഹാഷിം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.