സോണിയയെ ബി.ജെ.പി എം.പിമാർ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് സ്പീക്കർക്ക് പരാതി, 'രാഷ്ട്രപത്നി' പരാമർശത്തിൽ ഇന്നും പാർലമെന്‍റിൽ ബഹളം

ന്യൂഡൽഹി: 'രാഷ്ട്രപത്നി' പരാമർശത്തിൽ ലോക്സഭ കക്ഷി നേതാവ അധീർ രഞ്ജൻ ചൗധരിക്കും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കുമെതിരായ പാർലമെന്‍റിലെ പ്രതിഷേധം ഇന്നും തുടർന്നു. രാവിലെ ലോക്സഭയിലും രാജ്യസഭയിലും ഭരണപക്ഷ എം.പിമാർ പ്രതിഷേധിച്ചും കോൺഗ്രസ് എം.പിമാർ പ്രതിരോധിച്ചും ബഹളം വെച്ചു.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ബി.ജെ.പി എം.പിമാരും ചേർന്ന് സോണിയ ഗാന്ധിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എല്ലാ ഭരണഘടനാ മൂല്യങ്ങളുടെയും പാർലമെന്ററി മര്യാദകളുടെയും അന്തസിന്റെയും നഗ്നമായ ലംഘനമാണിത്. സംഭവത്തിൽ സ്മൃതി ഇറാനി മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സോണിയ ഗാന്ധിയെ ബി.ജെ.പി എം.പിമാർ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് എം.പിമാർ സ്പീക്കർക്ക് പരാതി. പാർലമെന്‍റ് പ്രിവിലേജ് കമ്മിറ്റി വിഷയം പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇരുസഭകളിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട 27 എം.പിമാരുടെ പ്രതിഷേധം പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ തുടരുകയാണ്. എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സന്ദർശിച്ചിരുന്നു.

അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ഖേദം പ്രകടിപ്പിച്ചാൽ തുടർനടപടി ആലോചിക്കാമെന്നുമാണ് വെങ്കയ്യ നായിഡു വ്യക്തമാക്കിയത്.

Tags:    
News Summary - Complaint to lok sabha Speaker alleging that Sonia Gandhi was molested by BJP MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.