മണിപ്പൂർ സംഘർഷം: കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്നും പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. മണിപ്പൂരിൽ സമാധാനം തിരിച്ച് വന്നെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നുണ്ടെന്നും എന്നാൽ അടിസ്ഥാന യാഥാർഥ്യങ്ങൾ മറ്റൊന്നാണെന്നും അദ്ദേഹം  എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

"ഏഴ് മാസം കഴിഞ്ഞിട്ടും മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തിയിട്ടില്ല. പതിമൂന്ന് പേരുടെ ജീവൻ അപഹരിച്ച പുതിയ അക്രമത്തിന്റെ വാർത്ത ഇന്നലെയാണ് വന്നത്. നേരത്തെ ഒരു പൊതുമേഖലാ ബാങ്കിൽ നിന്ന് കോടി രൂപ കൊള്ളയടിച്ചു എന്ന വാർത്ത വന്നിരുന്നു. സമാധാനം തിരിച്ചെത്തിയെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാന യാഥാർഥ്യങ്ങൾ നേരെ മറിച്ചാണ്. മണിപ്പൂരി നേതാക്കളെ കാണാനോ സംസ്ഥാനം സന്ദർശിക്കാനോ വിസമ്മതിക്കുന്നതിനൊപ്പം മണിപ്പൂരിനെക്കുറിച്ച് മൗനം പാലിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്" - ജയ്റാം രമേശ് പറഞ്ഞു.

അതേസമയം, മണിപ്പൂരിൽ തുടരുന്ന സംഘർഷം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരള എം.പിമാരായ കൊടിക്കുന്നിൽ സുരേഷും ബെന്നി ബെഹനാനും പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മണിപ്പൂരിൽ ഇരു വിഭാഗം ജനങ്ങൾ തമ്മിൽ കഴിഞ്ഞ മേയ് മുതൽ നിലക്കാതെ തുടരുന്ന കലാപങ്ങളും സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ശമിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഇന്നലെ മണിപ്പൂരിൽ വീണ്ടുമുണ്ടായ കലാപത്തിൽ 13 ജീവനുകൾ നഷ്ടപ്പെട്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടത് തുറന്നുകാട്ടുന്നുവെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Cong slams Modi govt over situation in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.